VIDEO അവര്‍ ചൂണ്ടയിട്ടിരിപ്പുണ്ട്, സൗദിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സി.ഐ.ടി.സി മുന്നറിയിപ്പ്

റിയാദ്- സൈബര്‍ തട്ടിപ്പുകാര്‍ അടവുകള്‍ മാറ്റിക്കൊണ്ടിരിക്കയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സി.ഐ.ടി.സി) മുന്നറിയിപ്പ് നല്‍കി.
പ്രധാന വെബ് സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ച് കബളിപ്പിക്കുന്ന രീതിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് സി.ഐ.ടി.സി എസ്.എം.എസ് അയച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും ഉണര്‍ത്തുന്നത്.
ഇ-മെയിലായും മറ്റും ലഭിക്കുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ തുറക്കുമ്പോഴാണ് അതീവ ജാഗ്രത വേണ്ടത്. ഇത്തരം ലിങ്കുകള്‍ തുറക്കുന്നതോടെ ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങളടക്കം തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു.
ചൂണ്ടയില്‍ കൊത്തുന്ന മീനിന്റെ അവസ്ഥ തന്നെയാണ് ഫിഷിംഗ് എന്ന പേരില്‍ അറിയിപ്പെടുന്ന ഈ തട്ടിപ്പ് രീതിയിലും സംഭവിക്കുന്നത്. ഭൂരിഭാഗം പേരും ഇത്തരം ലിങ്കുകള്‍ തുറക്കുകയും കുടുങ്ങുകയും ചെയ്യും.

ലോകമെമ്പാടും എല്ലാ ദിവസവും ഫിഷിംഗ് തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്.  ആരും എപ്പോള്‍ വേണമെങ്കിലും ഫിഷിംഗ് ആക്രമണത്തിന് ഇരകളാകാം.  നിങ്ങള്‍ ഇന്‍ബോക്‌സ് തുറക്കുമ്പോള്‍ കെണിയായി ഒരു മെയില്‍ കാത്തിരിക്കുന്നുണ്ടാകാം. ചിലപ്പോള്‍ നിങ്ങള്‍  ഇടപാടുകള്‍ നടത്തുന്ന ബാങ്കിന്റെ ലിങ്കിനു സമാനമായിരിക്കാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് നമ്പര്‍, യൂസര്‍നെയിം, പിന്‍നമ്പര്‍ അഥവാ  പാസ് വേഡ്  തുടങ്ങിയവ നല്‍കി അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനായിരിക്കും ചിലപ്പോള്‍ ആവശ്യപ്പെടുക.  
ഫിഷിംഗ്  മെയിലുകളുടെ  കുത്തൊഴുക്കാണ് ഇന്റര്‍നെറ്റിലുള്ളത്. തട്ടിപ്പുകാര്‍ പലവഴികളും പരീക്ഷിക്കുന്നു.
എസ്.എം.എസായും ഇ-മെയിലായും വാട്‌സാപ്പ് മെസേജായും ലഭിക്കുന്ന ലിങ്കുകള്‍ തുറക്കുന്നതിനുമുമ്പ് രണ്ട് തവണ പരിശോധിച്ച് ഉറപ്പാക്കി വേണം തുറക്കാന്‍.
സംശയത്തോടെ നോക്കണം എന്ന മനസ്സ് കാത്തുസൂക്ഷിച്ചാല്‍ തന്നെ ഫിഷിംഗ് മെയില്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം. അതുതന്നെയാണ് സി.ഐ.ടി.സി ഉണര്‍ത്തുന്നതും.

 

Latest News