Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാലക്കുടിയിലെ ജ്വല്ലറി കവർച്ച: കേരള പോലീസിനെ പുറത്തു നിർത്തി തിരുട്ട് ഗ്രാമങ്ങൾ

തൃശൂർ - ചാലക്കുടിയിലെ ജ്വല്ലറി കവർച്ചയ്ക്കു പിന്നിലെ മോഷ്ടാക്കൾ തമ്പടിച്ചിരിക്കുന്നത് വടക്കേ ഇന്ത്യയിലെ തിരുട്ടുഗ്രാമത്തിൽ. ചാലക്കുടിയിൽനിന്ന് കവർന്ന സ്വർണവുമായി മോഷ്ടാക്കൾ നേരെ തിരുട്ടുഗ്രാമത്തിലേക്ക് ട്രെയിൻ കയറുകയായിരുന്നുവെന്നാണ് സൂചന. പുറം ലോകത്തു നിന്ന് പോലീസോ മറ്റുള്ളവരോ ഈ തിരുട്ടുഗ്രാമത്തിനകത്തേക്ക് കടക്കില്ല. കടക്കാൻ ഇവർ അനുവദിക്കില്ല. 
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിന് തുല്യമായി ഉത്തരേന്ത്യയിലുള്ള തിരുട്ടുഗ്രാമത്തിലാണ് ചാലക്കുടി ജ്വല്ലറിയിൽ കവർച്ച നടത്തിയ ഏഴോളം പേരടങ്ങുന്ന സംഘമുള്ളതെന്നാണ് സൂചന. എന്നാൽ ശക്തമായ കാവലും സുരക്ഷസന്നാഹങ്ങളുമുള്ള ഈ തിരുട്ടുഗ്രാമത്തിനകത്തേക്ക് കടക്കുക എളുപ്പമുള്ള കാര്യമല്ല. നേരിയ സംശയം തോന്നിയാൽ ആളുകളെ വകവരുത്തുന്ന രീതിയാണ് ഇവരുടേത്. അതുകൊണ്ടുതന്നെ ചാലക്കുടിയിൽനിന്നും ഉത്തരേന്ത്യയിലെത്തിയ കേരള പോലീസ് തിരുട്ടുഗ്രാമത്തിനകത്തേക്ക് കടക്കാനാകാതെ പുറത്തുനിൽപ്പാണ്.
പിടിയിലായ ഒരാളെ മുൻനിർത്തി സംഘത്തെ തിരുട്ടുഗ്രാമത്തിനു പുറത്തിറക്കി പിടികൂടാനാണ് കേരള പോലീസ് ഇപ്പോൾ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇത് എളുപ്പമല്ലെങ്കിലും പിടിയിലായ മോഷണസംഘാംഗത്തെ ഉപയോഗപ്പെടുത്തി ലക്ഷ്യം നേടാനാകുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.
മോഷ്ടാക്കൾക്ക് കേരളത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച സ്വർണം മുഴുവൻ ഉത്തരേന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. സ്വർണം കേരളത്തിലെവിടെയെങ്കിലും വിറ്റഴിക്കപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 
ഉത്തരേന്ത്യയിൽ ക്യാമ്പു ചെയ്യുന്ന കേരള പോലീസ് അവിടത്തെ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും അതെത്ര മാത്രം ഫലപ്രദമാകുമെന്നും ഗുണം ചെയ്യുമെന്നും വ്യക്തമല്ല. 
ചാലക്കുടി നഗരമധ്യത്തിലുള്ള ജ്വല്ലറി കുത്തിത്തുറന്ന് 15 കിലോയോളം സ്വർണവും ആറു ലക്ഷത്തിൽപരം രൂപയുമാണ് മോഷ്ടിച്ചത്.ചാലക്കുടി നോർത്ത് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇ.ടി.ദേവസി ആൻഡ് സൺസ് ഇടശേരി ജ്വല്ലറിയിലാണ് കഴിഞ്ഞയാഴ്ച മോഷണം നടന്നത്.

Latest News