ശ്രീനഗറില്‍ 2 ബിസിനസുകാരെ കൊന്ന ഏറ്റുമുട്ടല്‍ അന്വേഷിക്കും; മൃതദേഹങ്ങൾ പുറത്തെടുത്തു, കുടുംബത്തിന് കൈമാറും

ശ്രീനഗര്‍- ശ്രീനഗറിലെ ഹൈദര്‍പോറയില്‍ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ രണ്ട് ബിസിനസ്‌കാരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊല്ലപ്പെട്ട മുഹമ്മദ് അല്‍താഫ് ഭട്ട്, ഡോ. മുദസിര്‍ ഗുല്‍ എന്നിവരുടെ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും വലിയ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണിത്. മൃതദേഹങ്ങള്‍ വൈകാതെ കുടുംബത്തിന് കൈമാറും. ഏറ്റുമുട്ടല്‍ കൊലയില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

തിങ്കളാഴ്ചയാണ് ശ്രീനഗറിലെ ഹൈദര്‍പോറയില്‍ ഒരു വാണിജ്യ സമുച്ചയത്തില്‍ സൈന്യം ഭീകരവിരുദ്ധ വേട്ട എന്ന പേരില്‍ ഏറ്റുമുട്ടല്‍ നടത്തിയത്. നാലു പേരേയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഇവര്‍ രണ്ടു പേരും ഭീകരരെ സഹായിച്ചവരാണെന്നായിരുന്നു പോലീസിന്റെ വാദം. പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ ഭീകരരുടെ വെടിയേറ്റാണ് മരിച്ചതെന്നായി പോലീസ് വാദം. നിരപരാധികളായ ബിസിനസുകാരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കൊലപ്പെടുത്തിയ ശേഷം ഇവരുടെ മൃതദേഹങ്ങള്‍ പോലീസ് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി മറ്റൊരിടത്ത് മറവ് ചെയ്യുകയായിരുന്നു. ഇതിനെതിരെ കുടുംബാംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരടക്കം നിരവധി നേതാക്കളാണ് വലിയ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിലയിലേക്ക് കശ്മീരിനെ മാറ്റിയിരിക്കുകയാണെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു.
 

Latest News