Sorry, you need to enable JavaScript to visit this website.

വിമർശനങ്ങൾ മറികടക്കാൻ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

ഉപയോക്താക്കളുടെ അക്കൗണ്ട് വെരിഫിക്കേഷന് പുതിയ നിബന്ധനകളുമായി മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇൻസ്റ്റഗ്രാം.  
അക്കൗണ്ട് പരിശോധിച്ച് ഉറപ്പിക്കുന്നതിന് അവരുടെ മുഖത്തിന്റെ ഒന്നിലധികം ആംഗിളുകൾ കാണിക്കുന്ന വീഡിയോ സെൽഫി നൽകാൻ ചില ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്.
നിലവിലുള്ള അക്കൗണ്ടുകൾ പരിശോധിക്കാൻ പല ഉപയോക്താക്കളോടും വീഡിയോ സെൽഫി എടുക്കാൻ ആവശ്യപ്പെട്ടതായി എക്‌സ്.ഡി.എ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഈ ഫീച്ചർ പരീക്ഷിക്കാൻ ഇൻസ്റ്റഗ്രാം തുടങ്ങിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നു.
ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടേയും സ്പാം അക്കൗണ്ടുകളുടേയും എണ്ണം കുറക്കാനാണ് മെറ്റ ഈ ഫീച്ചറിലേക്ക് നീങ്ങുന്നത്. 
സെൽഫി റെക്കോർഡ് ചെയ്തുകഴിഞ്ഞാൽ  ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ഉപയോക്താക്കൾ വീഡിയോ പ്ലാറ്റ്‌ഫോമിലേക്ക് നൽകേണ്ടതുണ്ട്.  ഈ വീഡിയോ ഒരിക്കലും ഇൻസ്റ്റാഗ്രാമിൽ ദൃശ്യമാകില്ലെന്നും 30 ദിവസത്തിനുള്ളിൽ സെർവറുകളിൽ നിന്ന് ഇല്ലാതാക്കപ്പെടുമെന്നും പറയുന്നുണ്ട്. 
ഇതിനു പുറമെ,  ഫോട്ടോ പങ്കിടൽ ആപ് ഉപയോഗിക്കുന്നതിൽനിന്ന് പതിവായി ഇടവേളകൾ എടുക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ' ടേക്ക് എ ബ്രേക്ക്' എന്ന പുതിയ ഫീച്ചറും ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്.
ദീർഘകാലമായി കാത്തിരിക്കുന്ന ഫീച്ചറാണ് ടേക്ക് എ ബ്രേക്ക് എന്നും പ്ലാറ്റ്‌ഫോമിൽ ദീർഘനേരം ചെലവഴിക്കുമ്പോൾ ഉപയോക്താക്കളെ അക്കാര്യം ഓർമിപ്പിക്കുമെന്നും ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറയുന്നു. 
ടേക്ക് എ ബ്രേക്ക് ഫീച്ചർ അടത്തു മാസത്തോടെ   വ്യാപകമായി ലഭ്യമാകുമെന്നും മൊസേരി കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാം  കൗമാര ഉപയോക്താക്കൾക്ക് ഹാനികരമാണെന്ന വിമർശനം വർധിച്ച സാഹചര്യത്തിലാണ് പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകൾ യുവാക്കളുടെ മാനസികാരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അടുത്തിടെ അമേരിക്കൻ വിസിൽബ്ലോവർ ഫ്രാൻസിസ് ഹോഗൻ വെളിപ്പെടുത്തിയിരുന്നു.

Latest News