Sorry, you need to enable JavaScript to visit this website.

പ്രൈമറി, നഴ്‌സറി ടീച്ചിംഗ് കോഴ്‌സുകൾ

നേരത്തെ ടി.ടി.സി എന്നറിയപ്പെട്ടിരുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിന് നവംബർ 22 വരെ അപേക്ഷിക്കാം.  പ്രൈമറി സ്‌കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്‌സായ ഡി.എൽ.എഡിന് അപേക്ഷിക്കാൻ 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. മൂന്നു തവണയിലധികം (സേ ഉൾപ്പെടെ) അവസരങ്ങൾ ഉപയോഗപ്പെടുത്തിയാണ് +2 വിജയിച്ചതെങ്കിൽ അപേക്ഷിക്കേണ്ടതില്ല. പ്രായം 2021 ജൂലൈ ഒന്നിന് 17 ൽ താഴെയോ 33 ൽ കൂടുതലോ ആകരുത്. (ഒ.ബി.സിക്കാർക്ക് മൂന്നും പട്ടിക വിഭാഗക്കാർക്ക് അഞ്ചും വയസ്സ് ഉയർന്ന പ്രായ പരിധിയിൽ ഇളവുണ്ട്) 
നാലു സെമസ്റ്ററുകളായി രണ്ടു വർഷത്തെ കോഴ്‌സ് കഴിഞ്ഞവർക്ക്  കെടെറ്റ് പരീക്ഷ കൂടി പാസായാൽ സർക്കാർ, മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ പ്രൈമറി തലങ്ങളിലെ അധ്യാപകരാവാനുള്ള യോഗ്യതയാവും.  സർക്കാർ/എയിഡഡ് സ്ഥാപനങ്ങൾക്ക് സ്വാശ്രയ സ്ഥാപങ്ങൾക്ക് വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. https://education.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ഇവ രണ്ടും ലഭ്യമാണ്. ഓരോ കാറ്റഗറിയിലും ഓരോ  റവന്യൂ ജില്ലയിൽ മാത്രമേ ഒരാൾക്ക് അപേക്ഷിക്കാനാവൂ. അതത് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്  എന്നറിയപ്പെട്ടിരുന്നതും ഇപ്പോൾ  നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതുമായ രണ്ടു വർഷം ദൈർഘ്യമുള്ള പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.  നഴ്‌സറി സ്‌കൂൾ/പ്രീ  പ്രൈമറി അധ്യാപക തസ്തികക്കു വേണ്ട യോഗ്യതയാണ് നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലുള്ള  മൂന്ന് സർക്കാർ സ്ഥാപനങ്ങളിലും മറ്റു  ഒൻപത് സ്വാശ്രയ ഇൻസ്റ്റിറ്റിയൂട്ടുകളിലുമാണ് ഈ  കോഴ്‌സുള്ളത്.
45 ശതമാനം മാർക്കോടെ (ഒ.ബി.സി വിഭാഗത്തിന് 43 ശതമാനം) പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദം യോഗ്യതയുളളവർക്ക് മാർക്ക് നിബന്ധന ബാധകമല്ല. 21 ജൂൺ ഒന്നിന് പ്രായം 17 നും 33 നും ഇടയിൽ ആയിരിക്കണം. ഒ.ബി.സിക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. അപേക്ഷകൾ നവംബർ 20 നു മുമ്പായി ബന്ധപ്പെട്ട പി.പി.ടി.ടി.ഐകളിൽ ലഭിക്കേണ്ടതാണ്. സ്ഥാപന പട്ടിക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനത്തിനായി  education.kerala.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.

Latest News