Sorry, you need to enable JavaScript to visit this website.

പോലീസുകാര്‍ കോടതി മുറിയില്‍ കയറി ജഡ്ജിനെ തോക്കുചൂണ്ടി ആക്രമിച്ചു 

പ്രതികളിൽ ഒരാളായ എസ് ഐ അഭിമന്യൂ കുമാര്‍

മധുബനി- ബിഹാറിലെ മധുബനി ജില്ലയില്‍ ജന്‍ജര്‍പൂരില്‍ കോടതി മുറിയില്‍ കയറി രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ജഡ്ജിനെ മര്‍ദിച്ചു. തോക്ക് ചൂണ്ടിയതായും റിപോര്‍ട്ടുണ്ട്. കോടതി മുറിയില്‍ വാദം കേള്‍ക്കല്‍ നടക്കുന്നതിനിടെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അവിനാഷ് കുമാറിനെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപാല്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ അഭിമന്യൂ കുമാര്‍ എന്നീ പോലീസ് ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ ജഡ്ജ് സുരക്ഷിതനാണ്. പൊടുന്നനെ ഉണ്ടായ ആക്രമണത്തില്‍ നിന്ന് ജഡ്ജിനെ രക്ഷിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും പരിക്കേറ്റു. രണ്ടു പ്രതികളും ഘോഘര്‍ദിഹ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണ്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നവരാണ് ഇവര്‍. ആക്രമിക്കപ്പെട്ട ജഡ്ജ് അവിനാഷ് കുമാറിന്റെ പല വിധികളും പലരേയും ചൊടിപ്പിച്ചിരുന്നു. നിരവധി വിധികളില്‍ പോലീസ് സുപ്രണ്ടിനെതിരായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.

ജന്‍ജര്‍പൂര്‍ ബാര്‍ അസോസിയേഷന്‍ സംഭവത്തെ അപലപിച്ചു. ഇത് ജുഡീഷ്യറിയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും അക്രമത്തിനു പിന്നില്‍ പോലീസ് സുപ്രണ്ടിന് പങ്കുണ്ടെന്നും ബാര്‍ അസോസിയേഷന്‍ ആരോപിച്ചു. നേരത്തെ ക്രിമിനലുകളില്‍ നിന്നാണ് രക്ഷ തേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ പോലീസില്‍ നിന്നും രക്ഷ തേടേണ്ട അവസ്ഥയാണെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ എസ് പിയെ പ്രതിചേര്‍ക്കണമെന്നും എല്ലാ പ്രതികളേയും അതിവേഗ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും ഇല്ലെങ്കില്‍ അനിശ്ചിതകാല സമരം ചെയ്യുമെന്നും ബാര്‍ അസോസിയേഷന്‍ മുന്നറിയി്പ്പു നല്‍കി. 


 

Latest News