Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ് പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനങ്ങളും ബിനാമി ബിസിനസുകളിൽ പങ്കുള്ളവരെയും കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ അനലിറ്റിക്‌സും അടക്കമുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പുതിയ ഘട്ടത്തിന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം തുടക്കമിട്ടു. ബിനാമി ബിസിനസ് കേസുകൾ കണ്ടെത്താനും നിയമ ലംഘകരെ പിടികൂടി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാനും 20 വകുപ്പുകളുടെ സേവനം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ അനലിറ്റിക്‌സും വഴി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. 
ബിനാമി ബിസിനസുകൾ നടത്തുന്നവരെ കണ്ടെത്താൻ നടത്തുന്ന നിരീക്ഷണ ശൈലി ഏറെ മാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു. 
മുമ്പ് വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നേരിട്ട് പരിശോധനകൾ നടത്തിയും പരാതികളിൽ അന്വേഷണങ്ങൾ നടത്തിയുമാണ് ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിച്ചിരുന്നത്. നിലവിൽ ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിന് 20 സർക്കാർ വകുപ്പുകളുടെ ഡാറ്റകളെ പരസ്പരം ബന്ധിപ്പിക്കുകയും സംശയാസ്പദമായ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന 120 ലേറെ സൂചനകൾ നിർണയിക്കുകയും ചെയ്തിട്ടുണ്ട്. ഇലക്‌ട്രോണിക് റീഡിംഗിനും ഡാറ്റ വിശകലനത്തിനും ശേഷം വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന, ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് വാണിജ്യ മന്ത്രാലയ സംഘങ്ങളെ നിയോഗിക്കുകയാണ് ചെയ്യുകയെന്നും അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു.
 

Latest News