Sorry, you need to enable JavaScript to visit this website.

അബഹ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ശ്രമം, തിരിച്ചടിച്ച് സൗദി 

റിയാദ് - യെമനിൽ ഹൂത്തി മിലീഷ്യ സൈനിക കേന്ദ്രങ്ങളിൽ സഖ്യസേന വ്യാപകമായ ആക്രമണങ്ങൾ നടത്തി. ഹൂത്തികൾ സൃഷ്ടിക്കുന്ന ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ഭീഷണികൾക്കുള്ള പ്രതികരണം എന്നോണമാണ് സഖ്യസേന ശക്തമായ ആക്രമണങ്ങൾ നടത്തിയത്. അബഹ എയർപോർട്ടിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം സൗദി സൈന്യം തകർത്തതിനു പിന്നാലെയാണ് ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യസേന വ്യാപകമായ ആക്രമണങ്ങൾ നടത്തിയത്. സൻആ, സഅ്ദ, അൽജൗഫ്, ദമാർ എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾക്കു നേരെ വ്യോമാക്രമണങ്ങൾ നടത്തിയതായി സഖ്യസേന പറഞ്ഞു. 
ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങളും സംഭരണ കേന്ദ്രങ്ങളും വാർത്താ വിനിമയ സംവിധാനങ്ങളും ആക്രമണങ്ങളിൽ തകർത്തു. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങളിൽ പങ്കുള്ള ഇറാൻ റെവല്യൂഷനറി ഗാർഡിലെയും ലെബനോനിലെ ഹിസ്ബുല്ലയിലെയും വിദഗ്ധർ ഉപയോഗിച്ചിരുന്ന സൻആയിലെ രഹസ്യ കേന്ദ്രത്തിനു നേരെയും അൽദൈലമി വ്യോമതാവളത്തിനു നേരെയും സഖ്യസേന വ്യോമാക്രമണങ്ങൾ നടത്തി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായിട്ടായിരുന്നു ആക്രമണങ്ങളെന്നും സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. 
ബുധനാഴ്ച അർധരാത്രിയോടെയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂത്തികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം ഡ്രോൺ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു. സിവിലിയൻ എയർപോർട്ടുകളിലും നഗരങ്ങളിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ ഹൂത്തി മിലീഷ്യകൾ നിരന്തരം ശ്രമിച്ചുവരികയാണെന്ന് സഖ്യസേന പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാൻ സൈനിക നടപടികൾ സ്വീകരിക്കുമെന്നും സിവിലിയൻ എയർപോർട്ടുകൾക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും സഖ്യസേന പറഞ്ഞു.
 

Latest News