ഏഴായിരം ചിത്രങ്ങളും 500 വീഡിയോകളും നഷ്ടമായെന്ന സങ്കടത്തില്‍ എം.പിയും നടിയുമായ മിമി ചക്രവര്‍ത്തി; ട്രോളന്മാര്‍ കൈകാര്യം ചെയ്തു

കൊല്‍ക്കത്ത- ഐഫോണില്‍നിന്ന് 7000 ചിത്രങ്ങളും 500 വീഡിയോകളും നഷ്ടമായതിനെ തുടര്‍ന്ന് സങ്കടം പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മമി ചക്രവര്‍ത്തി.  ഐഫോണ്‍ ഗാലറി മുഴുവന്‍ ഡിലീറ്റായിപ്പോയെന്ന് വെളിപ്പെടുത്തി ആപ്പിളില്‍ നിന്ന് സഹായം തേടിയാണ് എം.പിയുടെ ട്വീറ്റ്.  സെപ്റ്റംബറില്‍ വാങ്ങിയ ഐഫോണില്‍ നിന്നാണ് വന്‍തോതില്‍ ഫോട്ടോകളും വീഡിയോകളും നഷ്ടമായതെന്ന്  ആപ്പിള്‍ സപ്പോര്‍ട്ട് ടാഗ് ചെയ്തുകൊണ്ട് അവര്‍ വെളിപ്പെടുത്തി.
ചിത്രങ്ങളും വീഡിയോകളും വീണ്ടെടുക്കാന്‍ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ലെന്നും അഭിനയരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ മമി വ്യക്തമാക്കി.  
ഉറക്കെ കരയുകയാണോ വേണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍ എല്ലാ വഴികളും പരീക്ഷിച്ചുവെന്നും ട്വീറ്റില്‍ പറഞ്ഞു.
ട്വീറ്റിനോട് പ്രതികരിച്ച് പലരും ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, ജനങ്ങള്‍ക്ക് സഹായം ആവശ്യമുള്ള ഘട്ടത്തില്‍ എം.പിക്ക് ഫോട്ടോകളും വീഡിയോകളും നഷ്ടമായതിലാണ് സങ്കടമെന്ന് പറഞ്ഞ് പരിഹാസവുമായി ട്രോളന്മാരും രംഗത്തുണ്ട്.
എംപിക്ക് ആയിരക്കണക്കിന് ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ എവിടെനിന്ന് സമയം കിട്ടുന്നു. ആളുകളുമായി ഇടപഴകുന്നതിനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും എത്ര സമയം ചെലവഴിക്കുന്നുണ്ട്- ട്രോളന്മാരില്‍ ഒരാള്‍ ചോദിച്ചു.
പുതിയ ചിത്രമായ മിനിയിലെ അഭിനയം അടുത്തിടെയാണ് നടി പൂര്‍ത്തിയാക്കിയത്.
മൈനക് ഭൗമികാണ് പുതിയ ചിത്രത്തിന്റെ സംവിധാനം.  അരിന്ദം സിലിന്റെ ത്രില്ലറായ ഖേല ജൗഖോന്‍ എന്ന ചിത്രത്തിലും മിമി ചക്രവര്‍ത്തി അഭിനയിക്കുന്നുണ്ട്.

 

Latest News