ഗുഡ്ഗാവില്‍ നമസ്‌കാരത്തിന് സൗകര്യമൊരുക്കി സിഖ് സമുദായം; ഗുരുദ്വാരകളില്‍ ജുമുഅ നടക്കും 

ഗുഡ്ഗാവ്- ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാനുള്ള അനുമതി നിഷേധിച്ച ഗുഡ്ഗാവില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് സിഖ് ഗുരുദ്വാരകള്‍ സൗകര്യമൊരുക്കും. ഗുഡ്ഗാവിലെ അഞ്ച് ഗുരുദ്വാരകള്‍ ഭരിക്കുന്ന സമിതിയുടേതാണ് തീരുമാനം. എല്ലാ സമുദായക്കാര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള ഇടമാണ് ഗുരുദ്വാര എന്ന് ഗുഡ്ഗാവിലെ സബ്‌സി മണ്ഡിയിലെ ശ്രീ ഗുരു സിങ് സഭ ഗുരുദ്വാര പ്രസിഡന്റ് ഷെര്‍ദില്‍ സിങ് സിദ്ദു പറഞ്ഞു. മുസ് ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥിക്കാം, ഗുരുദ്വാരകളുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുഡ്ഗാവിലെ സദര്‍ ബസാര്‍, സെക്ടര്‍ 39, സെക്ടര്‍ 46, മോഡല്‍ ടൗണ്‍, ജേക്കബ്പുര എന്നിവിടങ്ങളിലെ ഗുരുദ്വാരകളിലാണ് നമസ്‌കാരത്തിന് സൗകര്യമൊരുക്കുന്നത്. വെള്ളിയാഴ്ച ഗുരു നാനക്കിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ് ഞങ്ങള്‍. ഈ ഗുരുദ്വാരകളില്‍ രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകും. എന്നാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 30-40 ആളുകളുടെ ബാച്ചുകളായി പ്രാര്‍ത്ഥിക്കാന്‍ സൗകര്യമൊരുക്കാനാണ് തീരുമാനമെന്നും സിദ്ദു പറഞ്ഞു. ആവശ്യമെങ്കില്‍ ഔദ്യോഗിക അനുമതി വാങ്ങിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത് വളരെ സ്വാഗതാര്‍ഹമായ തീരുമാനമാണെന്ന് ഗുഡ്ഗാവിലെ ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് മുഫ്തി മുഹമ്മദ് സലീം പറഞ്ഞു. ഗുരുദ്വാര ഭാരവാഹികളെ ബുധനാഴ്ച കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സദര്‍ ബസാറിലും സെക്ടര്‍ 39ലും ഗുരുദ്വാരകളില്‍ നാളെ ജുമുഅ നമസ്‌ക്കാരം സംഘടിപ്പിക്കുമെന്നും മുഫ്തി അറിയിച്ചു.

ഗുഡ്ഗാവ് സെക്ടര്‍ 12ലെ ഒരു കടയുടമയായ അക്ഷയ് യാദവ് തന്റെ അടഞ്ഞു കിടക്കുന്ന കടമുറിയില്‍ മുസ്ലിംകള്‍ക്ക് നമസ്‌കാരത്തിന് സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Latest News