എ.എസ്.ഐ. അഞ്ചുലക്ഷം ആവശ്യപ്പെട്ടതില്‍  വിശദ അന്വേഷണം വേണം -ഹൈക്കോടതി

കൊച്ചി- മക്കളെ കേസില്‍ കുടുക്കാതിരിക്കാന്‍ ദല്‍ഹി സ്വദേശിനിയായ അമ്മയോട് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ടു പെണ്‍മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തിയ അമ്മയോട് ആണ്‍മക്കളെ പീഡനക്കേസില്‍ കുടുക്കാതിരിക്കാന്‍ അഞ്ചുലക്ഷം രൂപ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. വിനോദ് കൃഷ്ണ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. എന്നാല്‍, ഇതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നല്‍കിയത്. കൈക്കൂലി ആവശ്യപ്പെട്ടതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഉള്ളതെന്നിരിക്കെ വിശദ അന്വേഷണം നടത്താതെ എങ്ങനെ ഇത്തരമൊരു നിഗമനത്തിലെത്തുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പരാതിപ്പെട്ട ദമ്പതിമാരുടെ ചെലവിലായിരുന്നു എ.എസ്.ഐ. അടക്കം അഞ്ചു പോലീസുകാര്‍ കുട്ടികളെ കണ്ടെത്താന്‍ ദല്‍ഹിയിലേക്ക് വിമാനത്തില്‍ പോയത്. ഇത് കണ്‍ട്രോളിങ് ഓഫീസറുടെ അറിവോടെയാണോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. മറുപടി ലഭിക്കുന്നമുറയ്ക്ക് നിയമപരമായ നടപടി സ്വീകരിക്കും. ഇതില്‍ കോടതി തൃപ്തിരേഖപ്പെടുത്തി. വിഷയം ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
 

Latest News