പൊള്ളലേറ്റു മരിച്ച അമർജിത്തിന്റെ  മൃതദേഹം അഞ്ചു മാസത്തിന് ശേഷം നാട്ടിലേക്ക്

റിയാദ്- സ്വന്തം ഇഖാമയില്ലാത്തതിനെ തുടർന്ന് നേപ്പാൾ സ്വദേശിയുടെ ഇഖാമയിൽ കൃത്രിമം കാണിച്ച് കഴിയവെ തീ പ്പൊള്ളലേറ്റു മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു. ശുമേസി ആശുപത്രി മോർച്ചറിയിൽ അഞ്ചു മാസമായി കഴിഞ്ഞിരുന്ന അമൃത്‌സർ സ്വദേശി അമർജിത്ത് സിംഗിന്റെ മൃതദേഹമാണ് നിയമക്കുരുക്കുകൾ അഴിച്ച് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചത്. അഗ്‌നിബാധയിൽ മരിച്ച ഇദ്ദേഹത്തിന്റെ സുഹൃത്ത് പിയാന്ത് സിംഗിന്റെ മൃതദേഹവും അമർജിത്തിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിച്ചു.
അൽഖർജിലെ സ്‌പോൺസറിൽ നിന്ന് രണ്ട് വർഷം മുമ്പ് ഒളിച്ചോടിയ അമർജിത്ത് റിയാദ് ശിഫയിലായിരുന്നു താമസിച്ചിരുന്നത്. താമസ സ്ഥലത്ത് ചാരായം വാറ്റുന്നതിനിടെ അഗ്നി ബാധയുണ്ടാവുകയും അമർജിത്തും സുഹൃത്ത് പിയാന്ത് സിംഗും തീപ്പൊള്ളലേറ്റു മരിക്കുകയുമായിരുന്നു. നേപ്പാൾ സ്വദേശി ചീമാ ലുകന്ദർ എന്നയാളുടെ ഇഖാമയിൽ ആൾമാറാട്ടം നടത്തിയാണ് അമർജിത്ത് കഴിഞ്ഞിരുന്നത്. മൃതദേഹം സംബന്ധിച്ച പോലീസ് റിപ്പോർട്ടിലും ആശുപത്രി രേഖയിലുമെല്ലാം ചീമാ ലുകന്ദറിന്റെ പേരാണ് ഉണ്ടായിരുന്നത്.
കാനഡയിലെ പഞ്ചാബ് സ്വദേശികളുടെ കൂട്ടായ്മയാണ് അമർജിത്തിന്റെ മരണം സംബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ശുമൈസി ആശുപത്രിയിൽ കണ്ടെത്തി. പക്ഷേ രേഖകളെല്ലാം നേപ്പാൾ സ്വദേശിയുടെ പേരിലായിരുന്നു. റിയാദിലെ സുഹൃത്തുക്കൾ വഴിയാണ് പഞ്ചാബ് പ്രവാസികൾ വിഷയം അറിഞ്ഞത്. വിഷയത്തിലിടപെടാൻ ഇന്ത്യൻ എംബസി സിദ്ദീഖ് തുവ്വൂരിനെ ഏൽപിച്ചു. സിദ്ദീഖ് നടത്തിയ അന്വേഷണത്തിൽ ചീമ ലുകന്ദർ എന്ന നേപ്പാൾ സ്വദേശി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായി. ഇദ്ദേഹത്തെ മോർച്ചറിയിലേക്ക് വിളിച്ചു വരുത്തിയാണ് ഇഖാമയിലെ ആൾമാറാട്ടം സ്ഥിരീകരിച്ചത്. തുടർന്ന് നാട്ടിലേക്ക് അറിയിച്ച് ബന്ധുക്കളിൽ നിന്ന് പവർ ഓഫ് അറ്റോർണിയടക്കമുള്ള രേഖകൾ എത്തിച്ചു. ആശുപത്രി, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് മരിച്ചത് ഇന്ത്യക്കാരനായ അമർജിത്താണെന്നും ചീമാ ലുകന്ദർ അല്ലെന്നുമുള്ളതിനുള്ള രേഖകൾ സമർപ്പിച്ചു. 
അതിനിടെയാണ് ഇദ്ദേഹം ഹുറൂബും മത്‌ലൂബുമാണെന്ന് തെളിഞ്ഞത്. അൽഖർജിലെ സ്‌പോൺസറുമായി ബന്ധപ്പെട്ടു കാര്യമന്വേഷിച്ചപ്പോൾ വാഹനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണെന്ന് വ്യക്തമായി. 
അമർജിത്തിനെതിരെയുള്ള കേസൊഴിവാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് തരപ്പെടുത്തി. ഇന്ത്യൻ എംബസിയാണ് ടിക്കറ്റ് നൽകിയത്.
 

Latest News