300 കോടിയുടെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്; മുഖ്യപ്രതി കസ്റ്റഡിയിൽ 

ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഖ്യപ്രതി എൻ.കെ. സിംഗിനെ കായംകുളം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ

കായംകുളം- ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് 300 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ക്രൈംബാഞ്ച് അറസ്റ്റു ചെയ്ത മുഖ്യപ്രതി നന്ദലാൽ കേസർ സിംഗ് എന്ന എൻ.കെ. സിംഗിയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുരേന്ദ്രന്റ നേതൃത്വത്തിൽ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കായംകുളത്തെ നിക്ഷേപകർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ കായംകുളം കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 30 നാണ് ഇയാൾ മുംബൈയിൽ അറസ്റ്റിലായത്. കമ്പനിയുടെ ശാഖ കായംകുളം ഒ.എൻ.കെ ജംഗ്ഷനിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ഈ ശാഖ വഴിയും നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. 2017 ൽ മാനേജർ അടക്കം നാല് ജീവനക്കാരുമായി പ്രവർത്തിച്ചിരുന്ന ഈ ഓഫീസ് പൂട്ടിയതോടെയാണ് ഇൻഷുറൻസ് തട്ടിപ്പ് പുറത്തറിയുന്നത്. 2018 ൽ കായംകുളം പോലീസ് സ്‌റ്റേഷനിൽ തട്ടിപ്പിനിരയാവർ പരാതി നൽകിയിരുന്നു. ഈ കേസുകളിലും മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
മുംബൈ ആസ്ഥാനമായ കമ്പനിയുടെ ചെയർമാനായിരുന്നു എൻ.കെ. സിംഗ്. 1990 മുതൽ 26 വർഷം 11 പേരുകളിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ഫിനോമിനൽ. 1997 ൽ ഹെൽത്ത് കെയർ മേഖലകളിൽ പുതിയ കമ്പനി തുടങ്ങി സർക്കാർ സെക്യൂരിറ്റി സ്‌കീമുകൾ എന്ന പേരിൽ നിക്ഷേപകർക്ക് മെഡിക്ലേയിം വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ ഒ.പി വിഭാഗത്തിൽ ഡോക്ടർമാരെ സൗജന്യമായി സന്ദർശിച്ച് പരിശോധന നടത്താമെന്നും ഒമ്പത് വർഷമാകുമ്പോൾ അടച്ച തുക ഇരട്ടിയാകുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലെ ചില പ്രമുഖ ആശുപത്രികളുമായി സഹകരിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രികളിൽ നിന്ന് ചിലർക്ക് ഇൻഷുറൻസ് ലഭിക്കുകയും ചെയ്തു. 7000 രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ നൽകിയവരുണ്ട്. കരുന്നാഗപ്പള്ളി, മാവേലിക്കര, കായംകുളം, അഞ്ചൽ, ചാരുംമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 1000 ലധികം പേരാണ് തട്ടിപ്പിന് ഇരയായത്. 12 കോടിയിലധികം രൂപ ഇവിടെ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഞാറക്കൽ, വൈപ്പിൻ, പെരിന്തൽമണ്ണ, മഞ്ചേരി, ചാലക്കുടി, ആലുവ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഹാരാഷ്ട്ര, കർണാടക, ബംഗാൾ എന്നിവടങ്ങളിലും കമ്പനിക്ക് ബ്രാഞ്ചുകളുണ്ടായിരുന്നു. വിവിധ ബ്രാഞ്ചുകളിലായി നടന്ന തട്ടിപ്പുകളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൊത്തം 22 പ്രതികളുണ്ട്. ഇതിൽ ഏഴ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കേരളത്തിൽ കൂടുതൽ ആളുകളിൽനിന്ന് പണം സമാഹരിച്ച ഫിനോമിനൽ മലയാളി പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. കെ.ഒ. റാഫേലും ബന്ധുവും അടക്കം ആറ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായവർ ചേർന്ന് ഫിനോമിനൽ ഇൻവെസ്‌റ്റേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രജിസ്ട്രർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പിനിരയായ അഞ്ച് പേർ ആത്മഹത്യ നേരത്തെ ചെയ്തിരുന്നു.

Latest News