ന്യൂദല്‍ഹി- ത്രിപുരയില്‍ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തിയ മുസ്‌ലിം വിരുദ്ധ കലാപം റിപോര്‍ട്ട് ചെയ്തതിന് കിരാത നിയമമായ യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകനേയും രണ്ട് സുപ്രീം കോടതി അഭിഭാഷകരേയും അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും ത്രിപുര പോലീസിനെ കോടതി തടഞ്ഞു. മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായി നടന്ന അക്രമങ്ങളെ കുറിച്ച് വസ്തുതാന്വേഷണം നടത്തിയതിനും വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്തതിനുമാണ് മൂന്ന് പേര്‍ക്കുമെതിരെ ത്രിപുര പോലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ശ്യാം മീര സിങ്, കലാപത്തെ കുറിച്ച് വസ്തുതാന്വേഷണം നടത്തിയ സുപ്രീം കോടതി അഭിഭാഷകരായ മുകേഷ്, അന്‍സാര്‍ ഇന്ദോരി എന്നിവര്‍ക്കെതിരെയാണ് ത്രിപുര പോലീസ് കേസെടുത്തത്. ഈ യുഎപിഎ കേസ് റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി എന്ന പൗരാവകാശ സംഘടനയെ പ്രതിനിധീകരിച്ച് മുകേഷും നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയെ പ്രതിനിധീകരിച്ച് അന്‍സാര്‍ ഇന്ദോരിയും ത്രിപുരയില്‍ കലാപത്തെ കുറിച്ച് നടത്തിയ വസ്തുതാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ത്രിപുര പോലീസിനെ തടഞ്ഞത്. യുഎപിഎയില്‍ ഭരണഘടനാ വിരുദ്ധമായ വകുപ്പുകള്‍ ഉണ്ടെന്നും വസ്തുതാന്വേഷണങ്ങളെ ക്രിമിനല്‍ കുറ്റമാക്കാന്‍ സര്‍ക്കാര്‍ ഈ നിയമത്തെ ഉപയോഗിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ഹഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.






