ന്യൂദൽഹി - ഉഭയകകഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചാണ് റൂഹാനി എത്തുന്നത്്. ത്രിദിന സന്ദർശനത്തിനെത്തുന്ന റൂഹാനി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തും. ഇരുരാഷ്ട്രങ്ങൾക്കും താൽപര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനവും സാമ്പത്തിക പ്രധാന്യവുമുള്ള ഇറാനിലെ ചാബഹാർ തുറമുഖം പ്രവർത്തനം ആരംഭിച്ചതിനു തൊട്ടുപിറകെയാണ് ഇറാൻ പ്രസിഡന്റിന്റെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഡിസംബറിലാണ് ഈ തുറമുഖം തുറന്നത്. പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മറ്റു മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്ക് നേരിട്ട് ഈ തുറമുഖം വഴിതുറക്കും. പാക്കിസ്ഥാനിൽ ചൈന നിർമ്മിച്ച ഗ്വാദർ തുറമുഖത്തിനുള്ള തന്ത്രപ്രധാന മറുപടിയാകും ചാബഹാർ തുറമുഖം.