Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വായു മലിനീകരണത്തിനെതിരെ പ്രതിരോധം അനിവാര്യം

ഇത് കേവലം ദൽഹിയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായി കണ്ടതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം ദൽഹിയുടെ അവസ്ഥയിലേക്ക് എത്തിപ്പെടാൻ അധിക നാളുകളുടെ ആവശ്യമില്ല. രാജ്യവും ഇവിടുത്തെ ജനങ്ങളും അധികാര കേന്ദ്രങ്ങളും കോടതികളുമെല്ലാം ചർച്ച ചെയ്യേണ്ട വളരെ അടിയന്തര പ്രാധാന്യമുള്ള വിഷയമായി തന്നെ വായു മലിനീകരണത്തെ കാണേണ്ടതുണ്ട്.

ദൽഹിയിലെ വായു മലിനീകരണ തോത് കഴിഞ്ഞ കുറച്ച് കാലങ്ങളായി വളരെ മോശം അവസ്ഥയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ഈ സ്ഥിതിഗതികൾ പരിഹരിക്കാനുള്ള നടപടികളൊന്നും തന്നെ ഫലവത്താകുന്നില്ല. വായു മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെടുകയും വായു മലിനീകരണം നിയന്ത്രിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. 
 ദീപാവലിക്ക് ശേഷം ദൽഹിയിലെ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ എത്തിയിരിക്കുകയാണ്. സ്ഥിതി ഇനിയും രൂക്ഷമായാൽ ദൽഹി കുറച്ച് ദിവസത്തേക്കെങ്കിലും സമ്പൂർണമായി അടച്ചിടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 


ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് ദൽഹിയിലുള്ളതെന്നും മലിനീകരണം കാരണം ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് അടിപ്പെടുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്ന വിദഗ്ധർ പറയുന്നു. ഇപ്പോഴത്തെ സ്ഥിതി കുറച്ച് കാലം കൂടി തുടർന്നാൽ ജനങ്ങൾക്ക് ഒരു നിലയ്ക്കും ജീവിക്കാൻ പറ്റാത്ത നഗരമായി ദൽഹി മാറും.
ഇത് ദൽഹിയുടെ മാത്രം പ്രശ്‌നമല്ല, കേരളം ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളിലെയും നഗര പ്രദേശങ്ങളിൽ വായു മലിനീകരണം വലിയ തോതിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് ഗുരുതര സ്ഥിതിയിലേക്ക് എത്താത്തതുകൊണ്ട് വലിയ വിഷയമായി മാറുന്നില്ലെന്ന് മാത്രം. ദൽഹിയിലെ അതേ അവസ്ഥയിലേക്ക് കേരളത്തിലെ നഗര പ്രദേശങ്ങൾ എത്തിച്ചേരാൻ അധിക സമയമൊന്നും വേണ്ടിവരില്ല.  ദീർഘകാലം ചെറിയ രീതിയിലുള്ള വായു മലിനീകരണ സാഹചര്യത്തിലോ, ഗാർഹിക മലിനീകരണ സാഹചര്യത്തിലോ ജീവിക്കുന്നവർക്ക് പോലും ശ്വാസകോശ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവക്ക് സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. 


കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് നേർക്കുള്ള വലിയ വെല്ലുവിളിയാണ് വായു മലിനീകരണം. ഇത് കുറച്ചു കൊണ്ടുവരുന്നതിനുള്ള  കാര്യങ്ങൾ നടപ്പിലാക്കിയാൽ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.


രാജ്യത്തിന്റെ ശ്രദ്ധ ഏറ്റവും അധികം പതിയേണ്ട രണ്ടു കാര്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനവും വായു മലിനീകരണവും. രണ്ടിനും പൊതുവായ ചില കാരണങ്ങളുണ്ട്. മനുഷ്യന്റെ ആധുനിക ജീവിത രീതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ് വലിയൊരു പരിധി വരെ രണ്ടിനും കാരണമാകുന്നത്. മനുഷ്യർ വിചാരിച്ചാൽ തന്നെ വലിയ തോതിൽ നിയന്ത്രിച്ചു നിർത്താവുന്നതാണ് കാലാവസ്ഥാ വ്യതിയാനവും വായു മലിനീകരണവും. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വലിയ തോതിൽ പുറത്ത് വിടുന്ന പുകയാണ് രണ്ടു പ്രശ്‌നങ്ങൾക്കും അടിസ്ഥാന കാരണം. ഇതിന് പുറമെ മറ്റു നിരവധി കാരണങ്ങളുമുണ്ട്. 
വികസിത രാജ്യങ്ങളിൽ നടക്കുന്നതിനേക്കാൾ അതിവേഗത്തിൽ ഇന്ത്യയിലെ നഗരങ്ങൾ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഈ രംഗത്തെ പഠനങ്ങൾ തെളിയിക്കുന്നത്. ദൽഹിക്ക് പുറമെ ദേശീയ തലസ്ഥാന മേഖലയിൽ വരുന്ന പ്രദേശങ്ങളായ നോയ്ഡ, ഗുരുഗ്രാം, ഫരീദാബാദ്. ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലും വലിയ തോതിലുള്ള വായു മലിനീകരണം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. 


ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ വായു വലിയ തോതിൽ മലിനപ്പെട്ടാൽ അതിന്റെ ദൂഷ്യഫലങ്ങൾ വളരെ ഭയാനകമായിരിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ രോഗങ്ങളാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളും നവജാത ശിശുക്കളുമാണ് വായു മലിനീകരണത്തിന്റെ ദൂഷ്യങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഓരോ വർഷവും 70 ലക്ഷം കുട്ടികളാണ് വായുമലിനീകരണം മൂലം മരണമടയുന്നത്. ഇതിൽ 40 ലക്ഷവും ഇന്ത്യയടക്കമുള്ള ഏഷ്യൻ മേഖലയിൽനിന്നുള്ള കുട്ടികളാണ്. 
വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ച് ശരാശരി 13 ലക്ഷം പേരാണ് ഇന്ത്യയിൽ ഓരോ വർഷവും മരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണ്.


സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും അത്തരം രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുമാണ് വായു മലിനീകരണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നതെന്ന് കണക്കുകൾ പറയുന്നു. കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും വായു മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിനും അത് പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വളരെയധികം പിന്നിലാണ്. മറ്റു പല രാജ്യങ്ങളും ഇക്കാര്യങ്ങൾ മുൻകൂട്ടി തന്നെ കാണുകയും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ വായു മലിനീകരിക്കപ്പെടാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യയിലെ ഭരണകൂടങ്ങൾക്ക് വേണ്ടത്ര അവബോധമില്ലെന്നതാണ് പ്രധാന പശ്‌നം. 
ഇത് കേവലം ദൽഹിയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായി കണ്ടതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം ദൽഹിയുടെ അവസ്ഥയിലേക്ക് എത്തിപ്പെടാൻ അധിക നാളുകളുടെ ആവശ്യമില്ല. രാജ്യവും ഇവിടുത്തെ ജനങ്ങളും അധികാര കേന്ദ്രങ്ങളും കോടതികളുമെല്ലാം ചർച്ച ചെയ്യേണ്ട വളരെ അടിയന്തര പ്രാധാന്യമുള്ള വിഷയമായി തന്നെ വായു മലിനീകരണത്തെ കാണേണ്ടതുണ്ട്. ഇതിന് വേണ്ടി കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർത്ത് പരിഹാര മർഗങ്ങൾ തേടുകയാണ് ചെയ്യേണ്ടത്.

 

Latest News