Sorry, you need to enable JavaScript to visit this website.

VIDEO പകല്‍ ആരാധിക്കുന്നു, രാത്രി ബലാത്സംഗം ചെയ്യുന്നു; വൈരുധ്യം ചൂണ്ടിക്കാണിച്ച വീര്‍ദാസിനെതിരെ കേസ്

ന്യൂദല്‍ഹി- വരുന്നത് രണ്ട് ഇന്ത്യയില്‍നിന്നാണെന്ന വൈറല്‍ വീഡിയോയുടെ പേരില്‍ പ്രശസ്ത ഇന്ത്യന്‍ സ്റ്റാന്‍ഡ്അപ്പ് കോമേഡിയന്‍ വീര്‍ ദാസിനെതിരെ പോലീസ് കേസെടുത്തു. ദല്‍ഹിയിലെ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
അമേരിക്കയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആദിത്യ ഝാ എന്നയാളാണ് പരാതി നല്‍കിയത്.
ഞാന്‍ രണ്ട് ഇന്ത്യകളില്‍ നിന്ന് വരുന്നു എന്ന സെഗ്‌മെന്റിന് കീഴില്‍ രാജ്യത്തിനുള്ളിലെ വൈരുദ്ധ്യത്തെക്കുറിച്ച് അവതരിപ്പച്ച  മോണോലോഗാണ് ഓണ്‍ലൈനില്‍ വൈറലായിരുന്നത്.
ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വീര്‍ ദാസ് രാജ്യത്ത് കാണുന്ന വൈരുധ്യത്തെ കുറിച്ചാണ് സംസാരിച്ചത്.  ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും കാലികമായ ചില പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നു. കാവിഡിനെതിരായ പോരാട്ടം, ബലാത്സംഗ സംഭവങ്ങള്‍, ഹാസ്യനടന്മാര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍, കര്‍ഷകരുടെ പ്രതിഷേധം തുടങ്ങിയവ ജോണ്‍ എഫ് കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നടന്ന പ്രകടനത്തില്‍ വിഷയമായി.

ഇന്ത്യന്‍ പുരുഷന്മാര്‍ പകല്‍ സമയത്ത് സ്ത്രീകളെ ആരാധിക്കുകയും രാത്രിയില്‍ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്നുവെന്ന ദാസിന്റെ പരാമര്‍ശത്തെ നേരത്തെ നടി  കങ്കണ റണാവത്ത് വിമര്‍ശിച്ചിരുന്നു.  നിങ്ങള്‍ എല്ലാ ഇന്ത്യന്‍ പുരുഷന്മാരെയും കൂട്ടബലാത്സംഗം ചെയ്യുന്നവരായി സാമാന്യവത്കരിക്കുമ്പോള്‍ അത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയതയ്ക്കും ഭീഷണിപ്പെടുത്തലിനും  പ്രോത്സാഹനമാകുമെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്.
 
വീഡിയോയില്‍ നിന്നുള്ള എഡിറ്റ് ചെയ്ത ഉദ്ധരണികളില്‍ വീഴരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വീര്‍ദാസ് തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്.  വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്ന രണ്ട് വ്യത്യസ്ത ഇന്ത്യയുടെ വൈരുധ്യത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് വീഡിയോ എന്നും ഏതൊരു രാജ്യത്തിനും ഉള്ളില്‍ വെളിച്ചവും ഇരുട്ടും നന്മയും തിന്മയുമുണ്ടെന്നും ഇതൊന്നും രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News