യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, സഹോദരന്‍ അറസ്റ്റില്‍

കോട്ടയം- യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുന്നേല്‍ കൊച്ചുമോന്റെ മകന്‍ കെ.കെ. സനല്‍ (27) മരിച്ച കേസിലാണ് സഹോദരന്‍ അഖിലിനെ (30) അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടിന് ഉച്ചക്ക് രണ്ട് മണിയോടെ സനലിനെ വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആദ്യം കോട്ടയം ജില്ല ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പികകുകയായിരുന്നു.
ചികിത്സയിലിരിക്കെ 11നാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. കൊലപാതകമെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിലാണ് പ്രതിയെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ അഖില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ റിജോ പി. ജോസഫ്, എസ്.ഐമാരായ അനീഷ് കുമാര്‍, ശ്രീരംഗന്‍, ചന്ദ്രബാബു, രാജ്‌മോഹന്‍ എ.എസ്.ഐമാരായ ഷോബി, അന്‍സാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Latest News