Sorry, you need to enable JavaScript to visit this website.

ജയിലില്‍ കിടക്ക വേണം; ആവശ്യവുമായി ജോളി

കോഴിക്കോട്- ജയിലില്‍ കിടക്ക അനുവദിക്കണമെന്ന ആവശ്യവുമായി കൂടത്തായി കൊലപാതക പരമ്പരകേസിലെ ഒന്നാം പ്രതി ജോളി. വിചാരണത്തടവുകാരിയായി ജില്ലാ ജയിലില്‍ കഴിയുകയാണ് ജോളിയിപ്പോള്‍. വിചാരണ നടപടികള്‍ക്കിടെയാണ് കിടക്ക വേണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്. ജയില്‍ സൂപ്രണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നു കോടതി അറിയിച്ചു.
ഡോക്ടര്‍ നിര്‍ദേശിച്ചതും നിയമപ്രകാരം നല്‍കാവുന്നതുമായ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേക സൗകര്യങ്ങള്‍ നല്‍കാന്‍ തടസങ്ങളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചു. സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്ന് കോടതി വ്യക്തമാക്കി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കൂടത്തായി കേസ് പരിഗണിക്കുന്നത്. ജോളി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി നിലവിലുണ്ട്. ഇതിന്റെ വിചാരണ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ആണ് നടക്കുന്നത്. ഈ കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. അന്ന് ജോളിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
തന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതു തിരികെ നല്‍കണമെന്നും കേസിലെ രണ്ടാം പ്രതിയായ എം എസ് മാത്യു കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. എങ്കില്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തിത്തരണമെന്ന് മാത്യു ആവശ്യപ്പെട്ടു. ഇതിനായി ജയില്‍ സൂപ്രണ്ട് മുഖേന സൈബര്‍ സെല്ലിനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.
 

Latest News