Sorry, you need to enable JavaScript to visit this website.

വൈവാഹിക ജീവിത പ്രശ്‌നങ്ങള്‍ മൂലം അഞ്ച്  വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 36,872 പേര്‍

മുംബൈ- അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെന്ന് എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്. ദേശീയ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് സൂയ്‌സൈഡ്‌സ് ഇന്‍ ഇന്ത്യ എന്ന പഠന റിപ്പോര്‍ട്ടിലാണ് വിവരം. 2016 മുതല്‍ 2020 വരെ 36,872 പേരാണ് വിവാഹ ജീവിതത്തിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയ 2,688 പേരാണ് ഈ കാലത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍. സ്ത്രീധനവും പങ്കാളിയുമായുള്ള അസ്വാരസ്യങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് പ്രധാന പ്രശ്‌നങ്ങള്‍.
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാല്‍ 2016 മുതല്‍ 2020 വരെ 21,750 സ്ത്രീകളും 16,021 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. 9,385 വനിതകള്‍ സ്ത്രീധന പ്രശ്‌നങ്ങള്‍ മൂലവും ആത്മഹത്യ ചെയ്തു. ഡിവോഴ്‌സ്, വിവാഹേതര ബന്ധങ്ങള്‍ എന്നിവയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാരാണ് കൂടുതല്‍. 2020ല്‍ മാത്രം 287 പുരുഷന്മാരാണ് ഇതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.
2020ല്‍ മാത്രം രാജ്യത്ത് 1,53,052 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019നെക്കാള്‍ 8.7 ശതമാനം കൂടുതലാണിത്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,909 പേരാണ് അവിടെ ആത്മഹത്യ ചെയ്തത്. 2018, 2019, 2020 വര്‍ഷങ്ങളില്‍ ആത്മഹത്യ നിരക്ക് ഉയര്‍ന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. 2018ല്‍ (23.5 ശതമാനം) നാലാം ഇടവും 2019 (24.3 ശതമാനം), 2020ല്‍ (24 ശതമാനം) അഞ്ചാം ഇടവുമാണ് കേരളത്തിനുള്ളത്. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ 33.6 ശതമാനവും ആരോഗ്യ പ്രശ്‌നങ്ങള്‍ 18 ശതമാനവും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ട്. ആറ് ശതമാനം ലഹരി മൂലവും അഞ്ച് ശതമാനം വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലവുമാണ്.
 

Latest News