ന്യൂദൽഹി- സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് സ്വമേധയാ നടപടിയെടുക്കാനുള്ള അധികാരം ഉണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് ശരിവെക്കുകയാണ് ജസ്റ്റീസുമാരായ എൽ. നാഗേശ്വറ റാവു, അഭയ് എസ്. ഓഖ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചെയ്തത്. സ്വാശ്രയ പ്രവേശനത്തിൽ സ്വമേധനയ നടപടിയെടുക്കാനുള്ള അധികാരം കമ്മിറ്റിക്ക് ഉണ്ടെന്ന ഹൈക്കോടതി വിധിയോട് യോജിക്കുന്നു എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2015 -16 കണ്ണൂർ മെഡിക്കൽ കോളേജിലും കരുണ മെഡിക്കൽ കോളേജിലും പ്രവേശനം നേടിയ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയതായി വിവരം ലഭിച്ചെന്നു കോടതി വ്യക്തമാക്കി. എംബിബിഎസ് സർട്ടിഫിക്കറ്റും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ പെർമനന്റ് സർട്ടിഫിക്കറ്റും ടിസിഎംസിയും സർവകലാശാലയും നാലാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, ഡന്റൽ, നഴ്‌സിംഗ് , പാരാ മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും മുൻപ് പരിശോധനയ്ക്കായി തങ്ങൾക്ക് മുന്നിൽ സമർപ്പിക്കണമെന്ന് കോളേജുകൾക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ട് കേരള സർവകലാശാലയിലെ ഹെൽത്ത് സയൻസിന് മേൽനോട്ട സമിതി 2014 മാർച്ച് 10ന് സർക്കുലർ നൽകിയിരുന്നു. എന്നാൽ, ഇതിന് കരുണ മെഡിക്കൽ കോളേജ് തയാറായില്ല.
അപേക്ഷകരുടെ ഭാഗത്തു നിന്നു പരാതിയുണ്ടാകാതെ പ്രവേശനവിഷയത്തിൽ ഇടപെടാൻ മേൽനോട്ടസമിയ്ക്ക് അധികാരമില്ലെന്നായിരുന്നു കോളേജിന്റെ വാദം. ഇതോടെ 2014 ജൂലായ് 7ന് കരുണ മെഡിക്കൽ കോളജിനെതിരേ മേൽനോട്ട സമിതി കേരള സർവകലാശാലയെ സമീപിച്ചു. 2013 -14 വർഷങ്ങളിൽ കോളജിൽ പ്രവേശനം അനുവദിക്കരുതെന്നും നിർദേശിച്ചു. ഇതിരെതിരെ കരുണ മെഡിക്കൽ കോളജ് ഹൈക്കോടതിയെ സമീപിച്ചവെങ്കിലും മേൽനോട്ട സമിതിയുടെ അധികാരം ശരിവെക്കുകയാണുണ്ടായത്. ഇതോടെയാണ് കരുണ മെഡിക്കൽ കോളജ് സുപ്രീംകോടതിയെ സമീപിച്ചത്.






