ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങള്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും ഇവയെ നിരോധിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക ക്രമത്തിന് സമൂഹ മാധ്യമങ്ങള്‍ ഒരു വിലങ്ങാണെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന പരിപാടിക്കിടെ ഗുരുമൂര്‍ത്തിയുടെ വാദത്തെ മുതിര്‍ന്ന പ്രസ് കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ എതിര്‍ക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളെ ചൈന തകര്‍ത്തിട്ടുണ്ട്. ഇവയുടെ പങ്കിനെ കുറിച്ച് ഇന്ത്യയില്‍ സുപ്രീം കോടതി വരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഇല്ലാതെയും നാം നിലനിന്നിട്ടില്ലെ?- ഗുരുമൂര്‍ത്തി പറഞ്ഞു. മ്യാന്‍മറിലും ശ്രീലങ്കയിലും സമൂഹമാധ്യമങ്ങള്‍ വഴി സംഘര്‍ഷങ്ങളുണ്ടാകുന്നതും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. തമിഴ് രാഷ്ട്രീയ വാരികയായ തുഗ്ലക് പത്രാധിപര്‍ കൂടിയാണ് ഗുരുമൂര്‍ത്തി.
ഗുരുമൂര്‍ത്തിയുടെ വാദങ്ങളെ എതിര്‍ത്തത് ജയ്ശങ്കര്‍ ഗുപ്ത, ഗുര്‍ബിര്‍ സിങ് എന്നീ പ്രസ് കൗണ്‍സില്‍ അംഗങ്ങളാണ്. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം, സര്‍ക്കാര്‍ ഏജന്‍സികളുടെ പെഗസസ് ചാരവൃത്തി, റഫാല്‍ ഇടപാട് തുടങ്ങിയ വിഷയങ്ങളില്‍ ഗുരുമൂര്‍ത്തിയുടെ നിശബ്ദതയും ചോദ്യം ചെയ്യപ്പെട്ടു.






