5 കോടിയുടെ വാച്ച് കസ്റ്റംസ് പിടിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ

മുംബൈ- ദുബായില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ തന്റെ പക്കല്‍ നിന്ന് കസ്റ്റംസ് അഞ്ചു കോടി രൂപ വിലവരുന്ന വാച്ച് പിടിച്ചുവെന്ന റിപോര്‍ട്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ തള്ളി. നിയമപരമായി ദുബായില്‍ നിന്ന് വാങ്ങിയ വാച്ചുകള്‍ക്ക് മുംബൈയില്‍ കസ്റ്റംസ് തീരുവ അടക്കുന്നതിന് താന്‍ സ്വമേധയാ ഇക്കാര്യം കസ്റ്റംസ് അധികൃതരെ അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 1.5 കോടി രൂപ വിലയുള്ള ഒരു വാച്ച് കൃത്യമായ മൂല്യ നിര്‍ണയം നടത്തുന്നതിന് കസ്റ്റംസ് അധികൃതര്‍ വാങ്ങിവച്ചതാണെന്നും തന്റെ പക്കല്‍ നിന്ന് പിടികൂടിയതല്ലെന്നും പാണ്ഡ്യ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിച്ചു. 

നിയമപരമായി ദുബായില്‍ നിന്ന് വാങ്ങിയ എല്ലാ വസ്തുക്കള്‍ക്കും നല്‍കേണ്ട കസ്റ്റംസ് തീരുവ അടക്കാനായി താന്‍ സ്വമേധയാ ഇവ കസ്റ്റംസിനു മുമ്പാകെ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ബില്ലുകളും മറ്റു രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തീരുവ ഞാന്‍ അടക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. ഇതിനുള്ള മൂല്യനിര്‍ണയമാണ് കസ്റ്റംസ് ഇപ്പോള്‍ നടത്തി വരുന്നത്- കുറിപ്പില്‍ പാണ്ഡ്യ വ്യക്തമാക്കി.

ട്വന്റി 20 ലോക കപ്പ് മത്സരങ്ങള്‍ക്ക് ശേഷം ദുബായില്‍ നിന്ന് ഞായറാഴ്ച രാത്രി മുംബൈയില്‍ വന്നിറങ്ങിയ പാണ്ഡ്യയുടെ കയ്യില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ കോടികള്‍ വിലവരുന്ന വാച്ചുകള്‍ പിടിച്ചെടുത്തു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ റിപോര്‍ട്ടിനെയാണ് താരം തള്ളിയത്.

Latest News