നോര്‍ഫോക്ക് - ബാങ്ക് അക്കൗണ്ടിലെത്തിയ ഒരു കോടിയിലേറെ രൂപ (1,10,000 പൗണ്ട്) ഉപയോഗിച്ച് വീടു വാങ്ങിയ ആള്‍ കുടുങ്ങി. സ്വന്തം അക്കൗണ്ടില്‍ ആരോ നിക്ഷേപിച്ചതായതിനാല്‍ പണം ഉപയോഗിക്കാമെന്ന് ബാങ്ക് ജീവനക്കാരും അനന്തരാവകാശമായിരിക്കാമെന്ന് അഭിഭാഷകനും പറഞ്ഞതിനാലാണ് വീടു വാങ്ങാന്‍ തുനിഞ്ഞതെന്ന് യു.കെയിലെ നോര്‍ഫോക്ക് സ്വദേശി റസ്സല്‍ അലക്‌സാണ്ടര്‍ പറയുന്നു. ഇപ്പോള്‍ പണം അബദ്ധത്തില്‍ നിക്ഷേപിക്കപ്പെട്ടതാണെന്നും തിരികെ നല്‍കണമെന്നും ബാങ്ക് ആവശ്യപ്പെട്ടിരിക്കയാണ്.
പല തവണകളായാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം എത്തിയിരുന്നത്. 2020 ഡിസംബര്‍ 29നാണ് ആദ്യമായി 30,000 പൗണ്ട് എത്തിയതായി കണ്ടത്. ബാങ്കിന്റെ വെബ്‌സൈറ്റ് ചാറ്റ് സേവനം വഴി അദ്ദേഹം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും നിക്ഷേപം ലഭിച്ചപ്പോള്‍ ബാങ്കില്‍ വിളിച്ചു. നേരിട്ടുള്ള അനന്തരാവകാശ ഫണ്ടുകളായി തോന്നുന്നതിനാല്‍ പണം ചെലവഴിക്കാമെന്ന് ബാങ്ക് ജീവനക്കാരന്‍ തന്നോട് പറഞ്ഞതായി റസ്സല്‍ അവകാശപ്പെടുന്നു.
തനിക്ക് അവകാശപ്പെട്ട പണമാണെന്ന് വിശ്വസിച്ച് 2,37,500 പൗണ്ടിനാണ് (2.36 കോടി രൂപ) പുതിയ വീട് വാങ്ങിയത്. ഏഴ് ബെഡ് റൂം വീട് വില്‍പന നടത്തിയാണ് ബാക്കി പണം കണ്ടെത്തിയത്. അലക്‌സാണ്ടറിന്റെ അക്കൗണ്ടില്‍ പണം പ്രത്യക്ഷപ്പെട്ട് തുടങ്ങി ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാങ്ക് തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 6,000 പൗണ്ട് അധിക തുക അടക്കം മുഴുവന്‍ പണവും തിരികെ നല്‍കാനാണ് 54 കാരനോട് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
പണം അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതാണെന്ന് വിശദീകരിക്കുന്ന ബാങ്ക് റസ്സലിന് തെറ്റായ ഉപദേശം നല്‍കിയതിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ബാങ്ക് തനിക്ക് 500 പൗണ്ട് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തുവെന്നും റസ്സല്‍ അലക്‌സാണ്ടര്‍ രോഷാകുലനായി പറയുന്നു. 40 വര്‍ഷമായി ബാങ്കിന്റെ ഇടപാടുകാരനായ തന്നോട് പണം ഉപയോഗിച്ചോളൂ എന്ന് വ്യക്തമായി പറഞ്ഞതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.






