Sorry, you need to enable JavaScript to visit this website.

ആര്യന്‍ കേസില്‍ ഗോസാവിയും സംഘവും 50 ലക്ഷം രൂപ തട്ടിയെന്ന് സാം ഡിസൂസയുടെ മൊഴി

മുംബൈ- ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരി പാര്‍ട്ടി കേസില്‍ പണം കൈക്കലാക്കിയ സംഭവം അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സാം ഡിസൂസയുടെ മൊഴി രേഖപ്പെടുത്തി. കേസിലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി ഗോസാവിയെ ഷാരൂഖ് ഖാന്റെ  മാനേജര്‍ പൂജ ദദ്‌ലാനിയുമായി ബന്ധപ്പെടാന്‍ സഹായിച്ചത് സാം ഡിസൂസയായിരുന്നു.

ഷാരൂഖ് ഖാന്റെ മകനെ കേസില്‍നിന്ന് രക്ഷിക്കാനെന്ന വ്യാജേനയാണ് ഗോസാവി തന്നെ സമീപിച്ചതെന്ന് എസ്‌ഐടിക്ക് നല്‍കിയ മൊഴിയില്‍ ഡിസൂസ അവകാശപ്പെട്ടു.

ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ഗോസാവിയും തമ്മില്‍  കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതായും ഡിസൂസ വെളിപ്പെടുത്തി. ഗോസാവി ദദ്‌ലാനിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പിന്നീട് അറിഞ്ഞുവെന്നും തുടര്‍ന്ന് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഡിസൂസ  അവകാശപ്പെട്ടു.

പണം തിരികെ ലഭിക്കാന്‍ ദദ്‌ലാനിയെ സഹായിച്ചതല്ലാതെ കേസില്‍ പണം തട്ടിയെടുത്തതുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഡംബര കപ്പലില്‍ എന്‍.സി.ബി സോണല്‍ ഡയരക്ടര്‍ സമീര്‍  വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്നാരോപിച്ചാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.  പിന്നീട്, കേസില്‍ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.  

ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം താന്‍ കേട്ടതായി എന്‍.സി.ബിയുടെ സ്വതന്ത്ര സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായ പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പോലീസ് എസ്‌ഐടി രൂപീകരിച്ചത്. പണം തട്ടിയെടുത്തുവെന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന എന്‍.സി.ബിയുടെ വിജിലന്‍സ് സംഘം നേരത്തെ ഡിസൂസയുടെ മൊഴിയെടുത്തിരുന്നു.

 

Latest News