സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് അഞ്ച് വര്‍ഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ്

തൃശൂര്‍ - സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേച്ചേരി - അക്കിക്കാവ് ബൈപാസിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം പന്നിത്തടം സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2022ല്‍ തന്നെ ഈ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമായ കേച്ചേരി ജംഗ്ഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള സാധ്യത കൈക്കൊള്ളുമെന്നും ഇതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ റോഡുകളുടെ കാര്യത്തില്‍  പ്രധാന പ്രശ്‌നം നിലനില്‍ക്കുന്നത് തൃശൂര്‍ മുതല്‍ വടക്കോട്ടാണ്. ഈ ഭാഗങ്ങങളില്‍ ഒട്ടേറെ പട്ടണങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് വലയുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണും. കാലാവസ്ഥയാണ് റോഡ് നിര്‍മ്മാണം തടസപ്പെടാന്‍ കാരണമെന്നിരിക്കെ പിഡബ്ല്യുഡി സംഘം  ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ ആഴ്ചയില്‍ വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്തെ ഡ്രൈനേജ് സംവിധാനം പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥയ്ക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പ് ഈ വര്‍ഷം മുതല്‍ പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കും. മഴക്കാലത്ത് റോഡ് നിര്‍മ്മാണങ്ങളുടെ കടലാസ് പ്രവര്‍ത്തനങ്ങളും വേനല്‍ കാലത്ത് പ്രവൃത്തിയും എന്നുള്ളതാണ് ലക്ഷൃം.
റോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Latest News