കണ്ണൂർ - കണ്ണൂർ വാരത്ത് കവർച്ചക്കിടെ വയോധികയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടി. അസം ബാർപ്പെട്ട സ്വദേശി നസറുൾ ഇസ്‌ലാം ആണ് അറസ്റ്റിലായത്.
വാരത്ത് തനിച്ചു താമസിക്കുന്ന വയോധികയായ ആയിഷയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ നസറുൾ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. കണ്ണൂർ ടൗൺ പോലീസ് അന്വേഷണ സംഘം അസമിൽ ഏറെ സാഹസികമായാണ് നസറുലിനെ പിടികൂടിയതെന്ന് സി.ഐ. ശ്രീജിത്ത് കൊടേരി പറഞ്ഞു. ഈ കേസിൽ നേരത്തെ അസം സ്വദേശിയായ മഹിബുൾ ഹക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.
നസറുലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ അറിയിച്ചു. നേരത്തെ പിടിയിലായ ഒന്നാം പ്രതി മഹിബുൾ ഇസ്ലാമിന്റെ കൂട്ടാളിയാണ് നസറുൽ. മഹബുളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബംഗ്ലാദേശ് അതിർത്തിയിൽ ഒളിവിൽ കഴിയവെയാണ് നസറുൽ പിടിയിലായത്. സി.ആർ.പി.എഫ് സംഘത്തിന്റെ സഹായത്തോടെ അതിസാഹസികമായാണ് പ്രതിയെ കണ്ണൂരിലെ പോലീസ് സംഘം പിടികൂടിയത്. ചക്കരക്കൽ അഡീഷണൽ എസ്.ഐ അനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത് വി., നാസർ സി.പി., വിജിനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ സപ്റ്റംബർ 23 നാണ് മോഷണത്തിനിടെ അയിഷക്ക് ഗുരുതരമായി പരിക്കേറ്റത്. 29-ന് ചികിൽസയിലിരിക്കെ മരിച്ചു. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികൾ അകത്ത് വെള്ളം ലഭിക്കുന്നതിനുള്ള ടാപ്പ് അടച്ചു. വെള്ളത്തിനായി ആയിഷ വീടിനു പുറത്തിറങ്ങിയപ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷണസംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയിലാണ് മരിച്ചത്.






