ന്യൂദൽഹി- സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം പരീക്ഷ ഓഫ് ലൈനായി മാത്രം നടത്താനുള്ള അപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി അഭ്യദയ് ചക്മ സമർപ്പിച്ച ഹർജി 18ലേക്ക് മാറ്റി. സമാനസ്വഭാവത്തിലുള്ള ഹർജികൾക്കൊപ്പം ഇതും പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരീക്ഷ 18നാണ് ആരംഭിക്കുന്നതെന്ന് ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ജ് അറിയിച്ചെങ്കിലും അടിയന്തിരമായി ഹർജി പരിഗണിക്കാൻ തയാറായില്ല. ആദ്യം സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ ഈ മാസം 16 മുതൽ 22 വരെ നടക്കുന്ന പരീക്ഷകൾക്ക് ഒഫ് ലൈനായോ ഓൺലൈനായോ പങ്കെടുക്കാമെന്നാണ് അറിയിച്ചത്. എന്നാൽ കഴിഞ്ഞ മാസം 14,22 തീയതികളിൽ പുറത്ത് വിട്ട സർക്കുലർ പ്രകാരം ഓഫ് ലൈനായി തന്നെ പരീക്ഷ നടത്താൻ നിർദേശിക്കുകയായിരുന്നു. സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ജയിച്ച കുട്ടികൾ ഇംപ്രൂവ്‌മെൻറ് ചെയ്തപ്പോൾ തോറ്റ സംഭവത്തിൽ ആദ്യത്തെ പാസ് മാർക്ക് അവസാന മാർക്കായി പരിഗണിക്കമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി 22ന് പരിഗണിക്കും.






