കേരളത്തിലെ കുരുമുളക് കർഷകർക്ക് ആവേശം പകർന്ന് ഉൽപന്ന വില ക്വിന്റലിന് അര ലക്ഷത്തിലേക്ക്. മുളക് സംഭരണത്തിന് വൻ സാന്നാഹം ഒരുക്കി കയറ്റുമതി ലോബിയും ഉത്തരേന്ത്യക്കാരും. ശൈത്യകാലത്തിന് തുടക്കം കുറിച്ചിട്ടും ചുക്ക് വില ഉയർന്നില്ല. പ്രതികൂല കാലാവസ്ഥയിൽ കുരുമുളക് ഉൽപാദനം എത്ര മാത്രം കുറയുമെന്ന് ഇനിയും വ്യക്തമല്ലെങ്കിലും കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ല. കേരളത്തിലും കർണാടകത്തിലും ഉൽപാദനം അടുത്ത സീസണിൽ ചുരുങ്ങുമെന്ന് ഉറപ്പായതോടെ കിട്ടുന്ന വിലക്ക് ചരക്ക് എടുക്കുന്ന നയത്തിലാണ് കച്ചവടക്കാർ. ദീപാവലി ഡിമാന്റിന് ശേഷം മുളക് വിലയിൽ സാങ്കേതിക തിരുത്തൽ പ്രതീക്ഷിച്ചെങ്കിലും അതിന് അവസരം നൽകാതെ വാങ്ങലുകാർ ചരക്കിൽ പിടിമുറുക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില പോയവാരം 46,000 രൂപയിൽ നിന്ന് 1700 രൂപ കയറി 47,700 രൂപയായി. ഗാർബിൾഡ് മുളക് വില 49,700 രൂപയായി. അര ലക്ഷത്തിലെ പ്രതിരോധം ഈ വാരം മറികടക്കാം, കൊച്ചിയിൽ വരവ് ചുരുങ്ങിയത് കുതിപ്പിന് വേഗത പകർന്നു. ജനുവരി, ഒക്ടോബർ കാലയളവിൽ ഏകദേശം 25,000 ടൺ കുരുമുളക് രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി ഇറക്കുമതി നടന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7200 ഡോളറാണ്. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4300 ഡോളറിനും വിയറ്റ്‌നാം 4390 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ശൈത്യകാലം തുടങ്ങിയിട്ടും ചുക്കിന് ആഭ്യന്തര ഓർഡറുകളെത്തിയില്ല. കോവിഡ് കാലാമായതിനാൽ ഉത്തരേന്ത്യയിൽ നിന്ന് കൂടുതൽ ആവശ്യകാരെത്തുമെന്ന പ്രതീക്ഷിയിൽ പലരും വൻതോതിൽ ചുക്ക് സംഭരിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളും ഇന്ത്യൻ ചുക്കിൽ താൽപര്യം കാണിക്കുമെന്ന നിഗമനത്തിലാണ് കയറ്റുമതിക്കാർ. ഏതാനും മാസങ്ങളായി വിവിധയിനം ചുക്ക് ക്വിന്റലിന് 16,500-17,500 രൂപയിലാണ്.
ആഭ്യന്തര വിദേശ ഡിമാന്റ് ഏലക്ക ലേലം സജീവമാക്കി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ ഉൽപാദന കേന്ദ്രങ്ങളിൽ ലഭ്യത ഉയർന്നെങ്കിലും വലിയൊരു വിഭാഗം കർഷകർ ചരക്ക് കരുതൽ ശേഖരത്തിലേക്ക് നീക്കുകയാണ്. മികച്ചയിനങ്ങൾ കിലോ 1692 രൂപ വരെയും ശരാശരി ഇനങ്ങൾ 1082 വരെയും ഉയർന്ന് ലേലം നടന്നു.
രാജ്യത്ത് ഇറക്കുമതി ഭക്ഷ്യ എണ്ണകളുടെ വരവ് ഉയർന്നത് വിലക്കയറ്റത്തിന് തടസ്സമായി. പാംഓയിൽ, സോയാ, സൂര്യകാന്തി എണ്ണകളുടെ വില താഴ്ന്നതിനാൽ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് കുറവാണ്. തമിഴ്‌നാട്ടിൽ കൊപ്ര ക്വിന്റലിന് 10,200 രൂപ. കൊച്ചിയിൽ വെളിച്ചെണ്ണ 16,400 രൂപ കൊപ്ര 10,050 രൂപ.
രാജ്യാന്തര വിപണിയിൽ റബർ വില ഉയർന്നെങ്കിലും വിദേശത്തെ അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിൽ ചലനം ഉളവാക്കിയില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,000 രൂപയിലും അഞ്ചാം ഗ്രേഡ് 17,400-17,800 രൂപയിലുമാണ്. കനത്ത മഴ മൂലം ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട് സ്തംഭിച്ചു. മുഖ്യ വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമായിട്ടും ടയർ വ്യവസായികൾ നിരക്ക് ഉയർത്തിയില്ല.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന് തിളക്കം. കേരളത്തിൽ പവൻ 36,080 രൂപയിൽ നിന്ന് 36,880 രൂപയായി. ഗ്രാമിന് 100 രൂപ ഉയർന്ന് 4610 ലെത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഔൺസിന് 1819 ഡോളറിൽ നിന്ന് 1870 ഡോളർ വരെ ഉയർന്ന ശേഷം 1865 ൽ ക്ലോസിങ് നടന്നു. മുൻവാരം സൂചിപ്പിച്ച 1837 ഡോളറിലെ പ്രതിരോധം തകർന്ന അവസരത്തിൽ ഓപറേറ്റർമാർ ഷോട്ട് കവറിങിന് രംഗത്ത് ഇറങ്ങിയത് കുതിപ്പിന് വഴി തെളിയിച്ചു.