Sorry, you need to enable JavaScript to visit this website.

നിക്ഷേപകരിൽ പ്രതീക്ഷ പകർന്ന്  ഇൻഡക്‌സുകൾ ഉയരങ്ങളിലേക്ക്

 

ഓഹരി നിക്ഷേപകരിൽ പ്രതീക്ഷ പകർന്ന് പുതിയ ഉയരങ്ങളിലേക്ക് പറക്കാൻ മുൻനിര ഇൻഡക്‌സുകൾ ചിറക് വിരിച്ചു. കഴിഞ്ഞ വാരം വ്യക്തമാക്കിയ സാങ്കേതിക ചലനങ്ങൾ ശരിവെച്ച് ബോംബെ സെൻസെക്‌സും നിഫ്റ്റി സൂചികയും പുതിയ ഉയരങ്ങളെ ഉറ്റുനോക്കുന്നു. നിഫ്റ്റിക്ക് വൈകാതെ 18,604 ലെ നിർണായക പ്രതിരോധം മറികടക്കാനാവുമെന്ന വിശ്വാസത്തിലാണ് പ്രദേശിക നിക്ഷേപകർ. ആഭ്യന്തര ഫണ്ടുകളുടെ നിറഞ്ഞ സാന്നിധ്യവും വിരൽ ചുണ്ടുന്നത് റെക്കോർഡ് പ്രകടനങ്ങളിലേയ്ക്കാണ്. വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഈ വാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. 
വിദേശ ഫണ്ടുകളുടെ മനസ്സ് മാറിയാൽ നിഫ്റ്റിക്ക് 18,132 ലെ പ്രതിരോധം തകർക്കാനാവുമെന്ന് മുൻവാരം വ്യക്തമാക്കിയിരുന്നു. താഴ്ന്ന നിലവാരമായ 17,834 ൽ നിന്ന് സൂചിക 18,024 ലെ ആദ ്യ പ്രതിരോധം തകർത്തെങ്കിലും രണ്ടാം പ്രതിരോധമായ 18,132 ന് കേവലം ഒമ്പത് പോയന്റ് അകലെ 18,123 വരെ നിഫ്റ്റിക്ക് ഉയരാനായുള്ളൂ. വെളളിയാഴ്ച മാർക്കറ്റ് ക്ലോസിങിൽ 18,102 ലാണ്. 
ഈ വാരം നിഫ്റ്റിക്ക് 18,205 ലെ ആദ്യ പ്രതിരോധം തകർത്താലും ഏറെ നിർണായകം 18,230 പോയന്റാണ്. ഈ തടസ്സം ഭേദിച്ചാൽ വിൽപനക്കാരായി നിലകൊള്ളുന്ന വിദേശ ഫണ്ടുകൾ വാങ്ങലുകാരായി മാറാം. ഇത് ബുൾ തരംഗത്തിന് അവസരം ഒരുക്കിയാൽ നിഫ്റ്റി 18,308-18,597 റേഞ്ചിലേയ്ക്ക് കുതിക്കും. അതേസമയം വിൽപന സമ്മർദമുണ്ടയാൽ 17,916 ൽ താങ്ങുണ്ട്. നിഫ്റ്റിയുടെ 20 ദിവസങ്ങളിലെ ശരാശരി നീക്കം കണക്കിലെടുത്താൽ 18,604 ലേറെ റെക്കോർഡ് പുതുക്കാം. പോയ വാരം നിഫ്റ്റി ഒരു ശതമാനം ഉയർന്ന് 185 പോയന്റ് നേട്ടത്തിലാണ്. 
ബോംബെ ഓഹരി സൂചിക രണ്ടാം വാരവും മികവിലാണ്, രണ്ടാഴ്ചകളിലെ നേട്ടം 1379 പോയന്റ്. 60,067 ൽ നിന്നും സെൻസെക്‌സ് 60,750 വരെ കയറിയെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച പ്രതിരോധമായ 60,790 മറികടക്കാനാവാഞ്ഞതിനാൽ വാരാന്ത്യം സൂചിക 60,687 പോയന്റിലാണ്. ഈ വാരം 61,032 ലെ ആദ്യ പ്രതിരോധം തകർത്താൽ വിപണി 61,378-62,350 പോയന്റ് ലക്ഷ്യമാക്കി നീങ്ങാം. സെൻസെക്‌സിന്റെ താങ്ങ് 60,687-60,058 ലാണ്. 
നിഫ്റ്റിയിൽ മുൻനിര ഓഹരികളായ ഇൻഫോസീസ്, റ്റി.സി.എസ്, എച്ച്. സി.എൽ, ആർ.ഐ.എൽ, എച്ച്.ഡി.എഫ്.സി, ഡോ. റെഡീസ്, സൺ ഫാർമ, സിപ്ല, ടാറ്റാ മോട്ടോഴ്‌സ്, എം ആന്റ് എം, ബി.പി.സി.എൽ, ഒ. എൻ.ജി.സി, എൽ ആന്റ് റ്റി എന്നിവയുടെ നിരക്ക് ഉയർന്നു. എം ആന്റ് എം ഏഴ് ശതമാനവും എയർടെൽ ആറ് ശതമാനവും മുന്നേറി. 
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ട വാരം 5887 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ നവംബറിലെ അവരുടെ മൊത്തം നിക്ഷേപം 6231 കോടി രൂപയായി. അതേസമയം വിദേശ ഫണ്ടുകൾ കഴിഞ്ഞ വാരം 3317 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഈ മാസം അവരുടെ മൊത്തം വിൽപന 4004 കോടിയാണ്. 
യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മുൻവാരത്തിലെ 74.19 ൽ നിന്ന് 74.34 ലേയ്ക്ക് തളർന്നു. ഫോറെക്‌സ് മാർക്കറ്റിലെ ചലനങ്ങൾ പരിശോധിച്ചാൽ മൂല്യം 75.25 ലേക്ക് ദുർബലമാകാം.   
ബി.എസ്.ഇ ടെലികോം ഇൻഡക്‌സ് പോയ വാരം 4.18 ശതമാനം ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്‌സ്, പവർ, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഡക്‌സുകൾ രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി. അതേസമയം ബാങ്കെക്‌സ്, റിയാലിറ്റി, മെറ്റൽ ഇൻക്‌സുകൾ ഒരു ശതമാനം തളർന്നു. 
രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിന് തിളക്കം. ട്രോയ് ഔൺസിന് 1818 ഡോളറിൽ നിന്ന് മഞ്ഞലോഹം 1870 ഡോളർ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 1865 ഡോളറിലാണ്. ഡെയ്‌ലി ചാർട്ടിൽ സാങ്കേതികമായി സ്വർണം സെല്ലിങ് മൂഡിലേയ്ക്ക് തിരിയുന്നതിനാൽ ഒരു വിഭാഗം ഓപറേറ്റർമാർ ഉയർന്ന തലത്തിൽ വിൽപനയ്ക്ക് ഉത്സാഹിക്കാം. അതായത് ഈ വാരം തിരുത്തലിലേയ്ക്ക് വിപണി പ്രവേശിച്ചാൽ 1850-1832 ഡോളറിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. 

Latest News