രാത്രി കയറാന്‍ പാടില്ലാത്തിടത്ത് കയറി, യുട്യൂബര്‍ അറസ്റ്റില്‍

മഥുര- ഭഗവാന്‍ ശ്രീകൃഷ്ണനും രാധയും രാത്രിയില്‍ രാസലീലയിലേര്‍പ്പെട്ടുവെന്ന് വിശ്വസിക്കുന്ന പുണ്യസ്ഥലമായ വൃന്ദാവനിലെ നിധിവന്‍ രാജില്‍ പ്രവേശിച്ച യുട്യൂബ് ചാനലിന്റെ അഡ്മിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി സമയത്ത് ആര്‍ക്കും പ്രവേശന അനുമതിയില്ലാത്ത സ്ഥലമാണ് നിധിവന്‍ രാജ്.

ഗൗരവ്‌സോണ്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ഗൗരവ് ശര്‍മയെ ദല്‍ഹിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശര്‍മയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിറ്റി പോലീസ് സൂപ്രണ്ട് മാര്‍ത്താണ്ഡ പ്രകാശ് സിംഗ് പറഞ്ഞു.

ഈ മാസം  ആറിന് രാത്രി ബന്ധുവായ പ്രശാന്ത്, സുഹൃത്തുക്കളായ മോഹിത്, അഭിഷേക് എന്നിവര്‍ക്കൊപ്പം പുണ്യ സ്ഥലത്തുവെച്ച്  വീഡിയോ ചിത്രീകരിച്ചതായി ചോദ്യം ചെയ്യലില്‍ ശര്‍മ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നവംബര്‍ ഒമ്പതിനാണ് വീഡിയോ യുട്യൂബില്‍  അപ്‌ലോഡ് ചെയ്തത്. വിശുദ്ധ സ്ഥലത്ത് നടന്ന ചിത്രീകരണത്തിനെതിരെ  പുരോഹിതന്മാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

നിധിവന്‍ രാജിലെ പൂജാരി  രോഹിത് ഗോസ്വാമിയുടെ പരാതിയെത്തുടര്‍ന്നാണ് വൃന്ദാവന്‍ പോലീസ് സ്‌റ്റേഷനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

 

Latest News