താജ്മഹല്‍ സന്ദര്‍ശകരെ കുറയ്ക്കാന്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു

പ്രധാന കുടീരത്തില്‍ കയറാന്‍ 200 രൂപ
നിരക്ക് വര്‍ധന ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് മാത്രം
വര്‍ധന വരുമാന വര്‍ധന ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്ര മന്ത്രി

ആഗ്ര- താജ്മഹല്‍ കാണാനെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. പ്രവേശന ഫീയായി 50 രൂപയും പ്രധാന കുടീരം കാണണമെങ്കില്‍ 200 രൂപയുമാണ് ഈടാക്കുക. വിദേശ വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന ഫീ നല്‍കുന്നതിനാല്‍ രാജ്യത്തിനകത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് കൂടിയ ഫീ.
ദിവസം തോറും കൂടിവരുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാനും 17 ാം നൂറ്റാണ്ടിലെ സ്മാരകം സംരക്ഷിക്കാനുമാണ് ഫീ ഉയര്‍ത്തുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രവേശനത്തിനായി 50 രൂപ ഈടാക്കുന്നതിന്  പുതിയ ബാര്‍ കോഡ് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 40 രൂപയാണ് പ്രവേശന ചാര്‍ജ്. പുതിയ ടിക്കറ്റുമായി മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ. ഓരോ മൂന്ന് മണിക്കൂറിലും വ്യത്യസ്ത നിറങ്ങളിലുള്ള ടിക്കറ്റായിരിക്കും.  മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും പത്‌നി മുംതാസ് മഹലിന്റെയും മാര്‍ബിള്‍ കുടീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന കുടീരത്തില്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഫീ ഇല്ല. പ്രവേശന ടിക്കറ്റുള്ളവരെ പ്രധാന കുടീരത്തിന്റെ ചുറ്റുമുള്ള തൂവെള്ള മാര്‍ബിള്‍ തറയില്‍ കയറാന്‍ അനുവദിക്കും. അതേസമയം, പ്രധാന കുടീരത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്നും ആഗ്ര സര്‍ക്കിള്‍ സൂപണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ഭുവന്‍ വിക്രം സിംഗ് പറഞ്ഞു.
കുടീരത്തിനകത്ത് പ്രവേശിച്ച് ഖബറിടങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് 200 രൂപ നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ കഴിഞ്ഞ ദിവസം രാത്രി ആഗ്ര സന്ദര്‍ശിച്ചതോടെയാണ് ടിക്കറ്റ് നിരക്കില്‍ മാറ്റം നിര്‍ദേശിച്ചത്. വരും തലമുറകള്‍ക്ക് വേണ്ടിയും താജ് മഹല്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് ശര്‍മ പറഞ്ഞു. താജ്മഹലിന് ഉള്‍ക്കൊള്ളാനാവുന്നവരെ കുറിച്ച് പഠിച്ച് നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (നീറി) സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി ചൂണ്ടിക്കാണിച്ചു. സന്ദര്‍ശകരുടെ എണ്ണം അടിയന്തരമായി കുറയ്ക്കണമെന്നായിരുന്നു ശുപാര്‍ശ. സന്ദര്‍ശകര്‍ക്ക് പ്രതിദിന പരിധി നിര്‍ണയിക്കുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കുകയല്ല, മറിച്ച് യഥാര്‍ഥത്തില്‍ താല്‍പര്യമുള്ളവരെ മാത്രം അകത്തേക്ക് വിടുകയെന്നതാണ് നിരക്ക് വര്‍ധനയിലുടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താജ്മഹല്‍ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളുടെ രൂപരേഖ ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് സുപീം കോടതി ഈ മാസം ആറിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് താജ്മഹല്‍ ആകര്‍ഷിക്കുന്നത്. ദിവസം 22,000 പേര്‍ എത്തുന്നുവെന്നാണ് കണക്ക്. പ്രധാന ടൂറിസ്റ്റ് സീസണുകളിലും മറ്റ്  ആഘോഷ വേളകളിലും 60,000 മുതല്‍ 70,000 വരെയാണ് സന്ദര്‍ശകരുടെ എണ്ണം.
 

 

Latest News