Sorry, you need to enable JavaScript to visit this website.

കനത്ത മഴയില്‍ പ്രളയഭീതിയിലായി മധ്യകേരളം

കൊച്ചി- ശനിയാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴക്ക് പിന്നാലെ ഇടുക്കി അണക്കെട്ട് തുറന്നതോടെ മധ്യകേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍.  ഉച്ചവരെ നിര്‍ത്താതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. കിഴക്കന്‍ മലയോര മേഖലകള്‍ മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീഷണിയിലാണ്. കിഴക്കന്‍ മേഖലയിലാണ് മഴ ഏറ്റവും ശക്തമായി തുടരുന്നത് എന്നതിനാല്‍ പുഴകളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ നദികളുടെ ഇരുകരകളിലും ജനങ്ങളെ ഒഴിപ്പിക്കാനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനുമുള്ള ഊര്‍ജിത ശ്രമത്തിലാണ്.
റെഡ് അലര്‍ട്ട് കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ നടപടികള്‍ക്കായി റവന്യു അധികൃതര്‍ രംഗത്തുണ്ടായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചു. ആലുവയില്‍ ദേശീയപാത പുളിഞ്ചോട് ഭാഗത്ത് വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡിലും കടകളിലും വീടുകളിലും വെള്ളംകയറി. പുഴയിലേക്ക് വെള്ളമൊഴുകുന്ന തോട് നഗരസഭ വൃത്തിയാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 21 ാം വാര്‍ഡില്‍ പുഴയിലേക്ക് പോകുന്ന തോട് മാലിന്യം അടിഞ്ഞുകിടക്കുകയാണ്. ഈ തോട്ടില്‍ നിന്നും മാലിന്യം കലര്‍ന്ന വെള്ളമാണ് വീടുകളിലേക്കും കടകളിലേക്കും കയറുന്നത്. കൊച്ചി നഗരത്തില്‍ ജലനിര്‍ഗമനം സുഗമമായതിനാല്‍ വെള്ളക്കെട്ട് ചില പോക്കറ്റുകളില്‍ മാത്രമാണ് അനുഭവപ്പൈട്ടത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് കിഴക്കുള്ള കമ്മട്ടിപ്പാടം പ്രദേശം വെള്ളക്കെട്ട് ഭീഷണിയിലാണ്.
കോട്ടയത്ത് മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ വന്‍ദുരന്തമുണ്ടായ കൂട്ടിക്കലിലും എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലും ജനങ്ങള്‍ ഭീതിയിലാണ്. നിരവധി പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കിഴക്ക് നിന്നുള്ള ജലപ്രവാഹത്തിന് ശക്തികൂടിയതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുന്നു. മീനച്ചില്‍ മണിമലയാര്‍, കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളംകയറി. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആശങ്ക ശക്തം. പടിഞ്ഞാറന്‍ മേഖലയില്‍ ആശങ്കയില്ല.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപ്പര്‍കുട്ടനാട് മേഖലയിലാണ് ക്യാമ്പുകള്‍ തുറന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നെല്ല് സംഭരണവും പ്രതിസന്ധിയിലാണ്. കനത്ത മഴയില്‍ കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു. വീയപുരം, തലവടി, എടത്വ നീരേറ്റുപുറം എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. രണ്ടാഴ്ച മുമ്പ് പെയ്ത മഴയുടെയും ബണ്ട് തകര്‍ന്നതിന്റയും വെള്ളക്കെട്ട് ഒഴിയുന്നതിന് മുമ്പ് വീണ്ടും മഴ എത്തിയതോടെ കൈനകരി, കാവാലം, കുപ്പപ്പുറം മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ജലനിരപ്പുയരുന്നത് കുട്ടനാടിന് ആശങ്കയാണ്. നദീതീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപ്പര്‍കുട്ടനാടന്‍ മേഖലയായ വെണ്‍മണി, ചെറിയനാട്, എണ്ണയ്ക്കാട് എന്നിവിടങ്ങളില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 11 കുടുംബങ്ങളിലെ 29 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് ജലം വറ്റിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. മഴമുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയില്‍ അടിയന്തര സേവനത്തിനായി പോലീസ് തയ്യാറെടുപ്പുകള്‍ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതിന് ക്യൂ ആര്‍ ടി സ്ട്രൈക്കര്‍ എന്നീ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ജി ജയദേവ് പറഞ്ഞു.

 

 

Latest News