ട്രെയിനില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായതായി സംശയം

അഹമ്മദാബാദ്- ഈ മാസം ആദ്യം ഗുജറാത്തിലെ വല്‍സാദില്‍ ട്രെയിന്‍ കോച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 19 കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ വഡോദരയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ്  പറഞ്ഞു.
നവംബര്‍ നാലിന് ഗുജറാത്ത് ക്യൂന്‍ എക്സ്പ്രസിന്റെ കോച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തെക്കന്‍ ഗുജറാത്തിലെ നവസാരി സ്വദേശിനിയായ അവര്‍ വഡോദരയിലെ ഒരു എന്‍.ജി.ഒയിലാണ് ജോലി ചെയ്തിരുന്നത്.
ഇവര്‍ താമസിച്ചിരുന്ന ഹോസ്റ്റലും വഡോദരയിലായിരുന്നു.

ഇവരുടെ ഡയറിക്കുറിപ്പ് പ്രകാരം, വഡോദരയിലെ ഓട്ടോറിക്ഷയില്‍ രണ്ട് പ്രതികള്‍ തട്ടിക്കൊണ്ടുപോയി കണ്ണ് മൂടി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയതായി എഴുതിയിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഒരു ബസ് ഡ്രൈവര്‍ വരുന്നത് കണ്ട് രണ്ട് പ്രതികളും ഓടി രക്ഷപ്പെട്ടു. പിന്നീട്, സുഹൃത്തിനെ ബന്ധപ്പെടാന്‍ ഈ ഡ്രൈവറുടെ സഹായം സ്വീകരിച്ചതായും ഇവര്‍ എഴുതിയിട്ടുണ്ട്.
സംഭവത്തെ ഗൗരവമായി കാണുകയും പ്രതികളെ പിടികൂടാനും ഇര കൂട്ടബലാത്സംഗത്തിനിരയായോ എന്ന് വിശദമായി അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്-സിഐഡി (ക്രൈം ആന്‍ഡ് റെയില്‍വേ) സുഭാഷ് ത്രിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News