ബാര്‍ ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി-ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന അത്താണിയിലെ ഒരു ബാര്‍ ഹോട്ടലില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേര്‍ അറസ്റ്റില്‍. ചെങ്ങമനാട് കുറുപ്പനയം വേണാട്ടു പറമ്പില്‍ വീട്ടില്‍ ജസ്റ്റിന്‍(29), അകപ്പറമ്പ് കരുമത്തി വീട്ടില്‍ ഷിന്റോ (32) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 ന് രാത്രി ബാര്‍ ഹോട്ടലിലെത്തിയ ഇവര്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ഒച്ചപ്പാടും ബഹളവുമുണ്ടായി. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കൊലപാതകമുള്‍പ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ജസ്റ്റിന്‍. ഷിന്റോയുടെ പേരിലും രണ്ട് കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി പി.കെ ശിവന്‍ കുട്ടി, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് കെ.ദാസ്, സണ്ണി എ.എസ്.ഐമാരായ ബൈജു കുര്യന്‍, ഉബൈദ്, പ്രമോദ് എസ്.സി.പി.ഒ കുഞ്ഞുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Latest News