Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ ടൂറിസ്റ്റുകളെ കാത്ത്  യു.എ.ഇ   

യു.എ.ഇയിൽ ധാരാളം ഇന്ത്യൻ പ്രവാസികളുണ്ട്. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും മികച്ച ലക്ഷുറി ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നതും അബുദാബി, ദുബായ് നഗരങ്ങളിലാണ്. മുമ്പ് യൂറോപ്പിലും അമേരിക്കയിലുമുള്ളവർ നിത്യസന്ദർശകരമായിരുന്നെങ്കിൽ ഇന്ന് ഇന്ത്യക്കാരും ചൈനക്കാരുമാണ് കൂടുതലായി എത്തുന്നത്. യു.എ.ഇയിലെ അത്യാഡംബര  ഹോട്ടലുകളിൽ വിദേശികളുടെ പ്രത്യേക ചടങ്ങുകൾ പതിവായി നടക്കാറുണ്ട്. ഇന്ത്യക്കാരും ചൈനയ്ക്കാരുമൊക്കെ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ ഇവിടെ വെച്ച് നടത്തുന്നു. ഇതിനായി ചാർട്ടേഡ് ഫ്‌ളൈറ്റുകൾ അറേഞ്ച് ചെയ്യുന്ന സമ്പന്നർ മുംബൈയിലും അഹമ്മദാബാദിലും ജയ്പൂരിലും മറ്റുമുണ്ട്. 

എമിറേറ്റ്‌സ് പാലസ് ഹോട്ടൽ 

2017 ൽ  26 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണ് യു.എ.ഇയിലെത്തിയത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 12.6  ശതമാനം കൂടുതൽ. 2016 ൽ 23 ലക്ഷം ഇന്ത്യൻ സന്ദർശകരാണ് എത്തിച്ചേർന്നത്. കണ്ടമാനം പണം കൈയിലുണ്ടായിട്ട് അതിരറ്റ് ആഹ്ലാദിക്കാൻ പറ്റിയ കേന്ദ്രങ്ങൾ അന്വേഷിക്കുന്നവർക്കുള്ള ഉത്തരമാണ് യു.എ.ഇ. കോടികൾ മുടക്കി നിർമിക്കുന്ന ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമകളുടെ ചിത്രീകരണ ലൊക്കേഷനുകളിൽ  എമിറേറ്റ്‌സിലെ അത്യാഡംബര  ഹോട്ടലുകൾ ഉൾപ്പെടുന്നു. യു.എ.ഇ മിനിസ്ട്രി ഓഫ് ഇക്കണോമിക്‌സ് ഏറെ പ്രയത്‌നിച്ചാണ് ഇന്ത്യൻ വ്യവസായികളേയും അതിസമ്പന്നരേയും തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ യു.എ.ഇ ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ബംഗളൂരുവിലായിരുന്നു തുടക്കം. തുടർന്ന് അഹമ്മദാബാദ് സന്ദർശനത്തിന്  ശേഷം മുംബൈ പര്യടനത്തോടെയാണ് സമാപിച്ചത്. ഇന്ത്യ പഴയ പോലെ ദരിദ്ര നാരായണന്മാരായ ജനകോടികളുടെ നാടല്ല ഇപ്പോൾ. നൂറ് കോടിയിലേറെ പേർ പ്രയാസപ്പെട്ടാണ് ജീവിച്ചു പോകുന്നതെങ്കിലും സമ്പത്തിന്റെ വലിയ പങ്ക് നിയന്ത്രിക്കുന്ന  ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുകയാണ്. ഇതേ പോലെയാണ് ചൈനയുടെ കാര്യവും. ഉൽപാദന രംഗത്ത് മുന്നേറിയ ചൈനയിലേക്കാണ് ലോകത്തെ സമ്പത്ത് പ്രവഹിക്കുന്നത്. അതുകൊണ്ടു തന്നെ ചൈനീസ് സഞ്ചാരികൾക്കും ദുബായ് ഇഷ്ട നഗരം തന്നെ. ക്യൂബാ മുകുന്ദനെ പോലുള്ള മലയാളി കഥാപാത്രങ്ങൾ ചെന്ന് അവരെ ബുദ്ധിമുട്ടിച്ചേക്കരുതെന്ന് മാത്രം. 

അത്യാഡംബര ഹോട്ടലിന്റെ ഉൾവശം 

യു.എ.ഇ ടൂറിസം ഇന്ത്യയിൽ കണ്ണും നട്ടിരിക്കുന്നത് വെറുതെയല്ല. ഏഷ്യയിലെ വളരുന്ന സമ്പദ്ഘടനകളിൽ ഒന്നാണ് ഇന്ത്യയും. 2021 ആകുമ്പോഴേക്ക് ലോകത്തിലെ ഏറ്റവും പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി യു.എ.ഇയെ മാറ്റിയെടുക്കാനാണ് അവിടത്തെ അധികൃതർ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് യു.എ.ഇക്ക് പ്രധാനമാണ്. 
പണം കൊണ്ട് നേടാവുന്ന അത്യാഡംബരങ്ങൾ മിഡിൽ ഈസ്റ്റിൽ ലഭ്യമാവുന്നതെവിടെയെന്ന് പ്രമുഖ ഏജൻസി തയാറാക്കിയ ഹോട്ടലുകളുടെ പട്ടികയിൽ തുർക്കി ഇസ്താംബൂളിലെ ഹോട്ടലിന് തൊട്ടു പിറകിലാണ് ദുബായിലെ ബുർജ് അൽ അറബ്. മേഖലയിലെ അഞ്ച് സുപ്രധാന ഹോട്ടലുകളുടെ പട്ടികയിൽ അബുദാബിയിലെ എമിറേറ്റ്‌സ് പാലസും ഉൾപ്പെടുന്നു.  
പ്രചാരണത്തിന് ലഭ്യമായ എല്ലാ സാധ്യതകളും യു.എ.ഇ ഉപയോഗപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി  യുഎഇയിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് മോഡി യുഎഇയിൽ വരുന്നത്. നേരത്തെ വന്നപ്പോൾ ലഭിച്ച സ്വീകരണമല്ല മോഡിക്ക് ഇത്തവണ ലഭിച്ചത്. മോഡിക്ക് അബുദാബിയിലെ കൊട്ടാര സമാനമായ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലാണ് യുഎഇ ഭരണകൂടം താമസ സൗകര്യം ഒരുക്കിയത്. അബുദാബി രാജകുടുംബം തന്നെയാണ് ഈ ഹോട്ടൽ പണിതത്. രാഷ്ട്ര നേതാക്കളെ സ്വീകരിക്കാൻ പോന്ന എല്ലാ സൗകര്യങ്ങളോടെയും തലയെടുപ്പോടെയുമാണ് ഹോട്ടൽ നിർമിച്ചിരിക്കുന്നത്. നാനൂറ് മുറികളുള്ള ഹോട്ടലിൽ ആറ് ഭരണാധികാരികൾക്ക് താമസിക്കാനുള്ള മുറികളുണ്ട്. ആറ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളെ ഉദ്ദേശിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. മന്ത്രിമാർക്ക് താമസിക്കാൻ വിശാലമായ സൗകര്യങ്ങളോട് കൂടിയ 44 മുറികളുണ്ട്. ജിസിസി രാജ്യങ്ങളിലെ മന്ത്രിമാരെ ഉദ്ദേശിച്ചാണ് ഈ മുറികൾ നിർമിച്ചിരിക്കുന്നത്. എന്നാൽ മിക്കപ്പോഴും ഈ മുറികളെല്ലാം കാലിയായി കിടക്കുകയാണ് പതിവ്.

എമിറേറ്റ്‌സ് പാലസിലെ ബ്ലൂ സലൂൺ 

 

2015 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി യുഎഇയിൽ വന്നത്. അന്ന് മന്ത്രിമാർക്ക് താമസിക്കാനുള്ള മുറിയാണ് മോഡിക്ക് നൽകിയത്. കുവൈത്ത് അമീർ താമസിക്കുന്ന മുറി ഇത്തവണ മോഡിക്ക് നൽകി. മോഡി വിശ്രമിച്ചത് അവിടെയാണ്. ഇന്ത്യൻ പ്രധാനമന്ത്രി വന്ന് താമസിച്ചു പോകുന്നുവെന്നതിലപ്പുറം പബ്ലിസിറ്റി ഇതിലൂടെ യു.എ.ഇ ടൂറിസത്തിന് ലഭിക്കുന്നുവെന്നത് വേറെ കാര്യം. സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ വിവിധ ഭാഷകളിൽ ദശലക്ഷക്കണക്കിന് കോപ്പികൾ പ്രചാരമുള്ള ദിനപത്രങ്ങളുണ്ട്. ടെലിവിഷൻ ചാനലുകളുടെ പൂക്കാലമാണ് ഇന്ത്യയെന്ന വിസ്തൃത രാജ്യത്ത്. ഇതിലെല്ലാം പ്രധാനമന്ത്രി മോഡി താമസിച്ച ഹോട്ടലിലെ സൗകര്യങ്ങൾ വർണിച്ച് റിപ്പോർട്ടുകൾ വരുമ്പോൾ യു.എ.ഇ ടൂറിസത്തിന് അതുണ്ടാക്കുന്ന നേട്ടത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

Latest News