Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ആക്രമണത്തിനിരയായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുത്തു

കോഴിക്കോട്- ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുത്തു. കസബ എസ്.ഐ അഭിഷേകിന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്വകാര്യ ഹോട്ടലിലായിരുന്നു മൊഴിയെടുപ്പ്.

ആക്രമണത്തില്‍ പരിക്കേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയാണ് പോലീസ് സാജന്റെ മൊഴിയെടുത്തത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി.ആര്‍ രാജേഷ്, കൈരളി റിപ്പോര്‍ട്ടര്‍ മേഘാമാധവന്‍ എന്നിവരുടെ മൊഴിയാണ് സംഘര്‍ഷം നടന്ന സ്വകാര്യ ആശുപത്രിയില്‍വച്ച് പോലീസ് ശേഖരിച്ചത്. കസബ എസ്. ഐ അഭിഷേകിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

ആക്രമണത്തിന് നേതൃത്വം കൊടുത്ത മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജിവന്‍ ഉള്‍പ്പെടെയുള്ള 21 പ്രതികള്‍ക്കെതിരെ, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കസബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ 27 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കസബ എസ്. ഐ അഭിഷേക് പറഞ്ഞു.

 

Latest News