കൊച്ചി- ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം കളമശ്ശേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ്(72) മരിച്ചത്. ഇന്ന് രാവിലെ കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്. മണ്ണിടിച്ചിലില്‍ ലോറി െ്രെഡവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. മണ്ണിനൊപ്പം വീണ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സുമെത്തി തങ്കരാജനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്.