കരുവാരകുണ്ട്- പ്രസവിച്ചയുടനെ പശുക്കുട്ടിയെ അജ്ഞാത ജീവി കൊണ്ടുപോയി. കരുവാരകുണ്ട് അൽഫോൻസ് ഗിരിയിലെ പിട്ടാപ്പിള്ളി ജോണിയുടെ പശു പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുലർച്ചെ മൂന്നരക്കാണ് പശു പ്രസവിച്ചത്. പശുവിനെയും കുഞ്ഞിനെയും പരിപാലിച്ച ശേഷം ജോണി വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. സമീപത്ത് നിന്നായി അജ്ഞാത ജീവിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. കാൽപാടുകൾ കണ്ട് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പധികൃതർക്കു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുവാരകുണ്ട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.രാമദാസന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കാൽപാടുകൾ പുലിയുടെതോ, കടുവയുടെതോ അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനപാലകർ പറഞ്ഞു. വനപാലകരുടെ അഭിപ്രായം ജനങ്ങൾ വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം, ദിവസങ്ങൾക്ക് മുമ്പാണ് തൊട്ടടുത്ത കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായത്. കാട്ടുപന്നിയുൾപ്പെടെ അഞ്ചു ആടുകളെയും കടുവ ഇരയാക്കിയിരുന്നു. ഇതിന്റെ ഭീതി മാറും മുമ്പാണ് അൽഫോൻസ് ഗിരിയിലെ ഇപ്പോഴത്തെ സംഭവം. ഇതേതുടർന്ന് ജനങ്ങളുടെ ആശങ്കയും വർധിച്ചു. മലയോര ജനങ്ങൾക്കിടയിൽ വനം വകുപ്പിനെതിരെ പ്രതിഷേധം കനക്കുകയാണ്.