തബൂക്ക് - ഭാര്യയെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും രണ്ടാം നിലയിലെ ജനൽ വഴി താഴേക്ക് തള്ളിയിടുകയും ചെയ്ത യുവാവിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ തബൂക്ക് അപ്പീൽ കോടതി ശരിവെച്ചു. മുപ്പതുകാരനായ പ്രതിക്ക് പൊതുഅവകാശ കേസിൽ ഏഴു വർഷം തടവാണ് കീഴ്‌ക്കോടതി നേരത്തെ വിധിച്ചത്. സ്വകാര്യ അവകാശ കേസിൽ പ്രതിക്ക് ഒരു മാസം തടവും വിധിച്ചിട്ടുണ്ട്. കൂടാതെ മർദനത്തിൽ സംഭവിച്ച പരിക്കുകൾക്ക് ഭാര്യക്ക് പ്രതി 48,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും വിധിയുണ്ട്. വീട്ടിൽ നിന്ന് തനിക്കൊപ്പം പുറത്തിറങ്ങാൻ നിരന്തരം വാശിപിടിച്ചതിനാണ് യുവാവ് ഭാര്യയെ രണ്ടാം നിലയിലെ ജനൽ വഴി താഴേക്ക് തള്ളിയിട്ടത്.
ഭർത്താവ് തള്ളിയിട്ടതു മൂലം മകളുടെ കശേരുക്കൾ പൊട്ടിയിരുന്നെന്നും ഇതിന് ഓപ്പറേഷൻ നടത്തിയിരുന്നെന്നും യുവതിയുടെ പിതാവ് പറഞ്ഞു. ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച് തള്ളിയിട്ടതിനാൽ രണ്ടാം നിലയിൽ നിന്ന് വീണ മകളെ രക്ഷിക്കുകയും കൂടുതൽ ആക്രമിക്കാൻ ഓടിയണഞ്ഞ ഭർത്താവിന്റെ കൈയിൽ നിന്ന് മകളെ രക്ഷിക്കുകയും ചെയ്ത സൗദി വനിത നൂറ അൽഅതവിക്ക് യുവതിയുടെ പിതാവ് നന്ദി പറഞ്ഞു