പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി, അധ്യാപകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍- പീഡനത്തിന് ഇരയായ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി മുമ്പ് പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകന്‍ മിഥുന്‍ ആണ് പിടിയിലായത്. പോക്‌സോ വകുപ്പ്, പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്റെ പേര് എഴുതിയിട്ടുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പോലീസ് പറയുന്നതനുസരിച്ച് ആറു മാസം മുമ്പ് സ്‌കൂളിനുള്ളില്‍ മിഥുന്‍ പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കിയിരുന്നു. ലോക്ഡൗണ്‍ സമയമായതിനാല്‍ സ്‌കൂള്‍ അടച്ചിട്ടിരുന്നുവെങ്കിലും പഠന സംബന്ധമായ ചില ജോലികളില്‍ തന്നെ സഹായിക്കുന്നതിന് വേണ്ടി മിഥുന്‍ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. നാലു മാസം മുമ്പ് അധ്യാപകനെതിരെ വിദ്യാര്‍ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം അത് കാര്യമായെടുക്കാതെ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് വിടുകയായിരുന്നു.

തുടര്‍ന്ന് തനിക്ക് ആ സ്‌കൂളില്‍ പോകാന്‍ സാധിക്കില്ലെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ടി.സി വാങ്ങാന്‍ ചെന്ന പെണ്‍കുട്ടിയേയും മാതാപിതാക്കളേയും സ്‌കൂള്‍ അധികൃതര്‍ മുന്‍കൈയെടുത്ത് ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് സ്‌കൂള്‍ മാറിയെങ്കിലും പഴയ സംഭവങ്ങളില്‍നിന്നു വിദ്യാര്‍ഥിനി പൂര്‍ണമായും മുക്തയായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

 

Latest News