Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിസ് കേരള സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന ഔഡിയില്‍ ആര്? ദുരൂഹതയേറുന്നു

കൊച്ചി- മുന്‍ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നു കെ.എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. ഔഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജുവിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍നിന്നു ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സൈജുവിനോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.   

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നു ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തില്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കുണ്ടന്നൂരില്‍ ഔഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാര്‍ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നുമാണ് ഔഡി കാര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പോലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നല്‍കിയത്.
ഒക്ടോബര്‍ 31 ന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവര്‍ ഡി.വി.ആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം റോയിയോട് പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

 

Latest News