ന്യൂദൽഹി- സൈന്യത്തെ വിലകുറച്ചു കാട്ടിയ വിവാദ പ്രസ്താവന രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ ആർ.എസ്.എസ് തിരുത്തി. ആവശ്യം വന്നാൽ മൂന്നു ദിവസത്തിനുള്ളിൽ ആർ.എസ്.എസ് പ്രവർത്തകരെ യുദ്ധസജ്ജരാക്കാൻ കഴിയുമെന്നും സൈന്യത്തിന് അത് സാധിക്കില്ലെന്നുമായിരുന്നു ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന.
ഇന്ത്യൻ സേനയെ അപമാനിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ മോഹൻ ഭാഗവതിനെ ഓർത്തു ലജ്ജ തോന്നുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെയും സൈന്യത്തെയും അപമാനിച്ച മോഹൻ ഭാഗവത് മാപ്പു പറയണം. ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവന എല്ലാ ഇന്ത്യക്കാരെയും രാജ്യത്തിനു വേണ്ടി പോരാടി മരിച്ച സൈനികരെയും അപമാനിക്കുന്നതാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗും മോഹൻ ഭാഗവതിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളുകളാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ബി.ജെ.പി അടങ്ങിയിരിക്കുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ഉണ്ടായാൽ ബി.ജെ.പി സർക്കാർ അവരെ പാക്കിസ്ഥാനിലേക്ക് അയച്ചേനെ എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു. ഭാഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച കോൺഗ്രസ് എം.പി ശശി തരൂർ, മുളവടിയുമായല്ല സൈന്യം നടക്കുന്നതെന്ന് പറഞ്ഞു.
യുദ്ധ സാഹചര്യമുണ്ടായാൽ സേനക്ക് സാധാരണക്കാരെ തയാറാക്കിയെടുക്കാൻ ആറു മാസം വേണ്ടിവരും. എന്നാൽ, ഭരണഘടന അനുവദിച്ചാൽ ചിട്ടയായ പരിശീലനവും മറ്റുമുള്ള സ്വയം സേവകർക്ക് ഇതിന് മൂന്നു ദിവസം മതിയാകും എന്നാണു മോഹൻ ഭാഗവത് പറഞ്ഞതെന്നാണ് ആർ.എസ്. എസ് പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ ഇന്നലെ തിരുത്തിപ്പറഞ്ഞത്. ആർ.എസ്.എസ് നേതാവിന്റെ പരാമർശം ഇന്ത്യൻ സേനയേയും സൈന്യത്തേയും താരതമ്യം ചെയ്തതായിരുന്നില്ലെന്നും അത് പൊതുസമൂഹത്തെയും സ്വയം സേവകരെയും തമ്മിൽ താരതമ്യപ്പെടുത്തിയതാണെന്നുമാണ് വൈദ്യ വിശദീകരിച്ചത്. മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും വൈദ്യ പറഞ്ഞു.
മുസാഫർപൂർ സന്ദർശനത്തിനിടെ ഒരു സ്‌കൂളിൽ നടത്തിയ പ്രസംഗത്തിലാണ് തങ്ങളുടേത് ഒരു സൈനിക സംഘടനയല്ലെന്നും എന്നാൽ, സൈനിക അച്ചടക്കം കൈവരിച്ചിട്ടുണ്ടെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടത്. രാജ്യം ആവശ്യപ്പെടുകയാണെങ്കിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് തയാറെടുക്കാൻ മൂന്നു ദിവസം മതിയെന്നും അതാണു തങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.






