Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മയക്കുമരുന്ന് ഉപയോഗം കുറ്റമല്ലാതാകും, ഉപദേശിച്ചു നന്നാക്കാൻ കേന്ദ്രം

ന്യൂദൽഹി- മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനാരുങ്ങി കേന്ദ്രം. ചെറിയ അളവിൽ മയക്കുമരുന്ന് ഉൾപ്പടെയുള്ളവയുമായി പിടികൂടുന്നവരെ ഉപദേശിച്ചു നന്നാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി 1985ലെ നാർക്കോട്ടിക്, ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം (ലഹരി തടയൽ നിയമം) ഭേദഗതി ചെയ്യും. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിക്കും. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വ്യക്തികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുന്ന സംഭവങ്ങളിൽ കർശന നിയമ നടപടിയുണ്ടാകും.
    ഭേദഗതി അനുസരിച്ച് ചെറിയ അളവിൽ ലഹരി വസ്തുക്കളുമായി ആദ്യമായാണ് പിടിയിലാകുന്നത് എങ്കിൽ ലഹരിവിമോചന കേന്ദ്രങ്ങളിൽ പുനരധിവസിപ്പിക്കുകയും 30 ദിവസത്തെ കൗൺസിലിംഗും നൽകും. ലഹരി തടയൽ നിയമത്തിന്റെ 27-ാം വകുപ്പ് അനുസരിച്ച് നിലവിൽ മയക്കുമരുന്ന് ഉപയോഗത്തിന് പതിനായിരം രൂപ പിഴയോ ആറുമാസം തടവോ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കാം. എന്നാൽ, ലഹരി ഉപയോഗം ഒരു കുറ്റകൃത്യമായി കണക്കാക്കാതെ പിടിയിലാകുന്നവരെ ഇരകളായി കണ്ട് കൗൺസിലിംഗും മതിയായ ചികിത്സകളും നൽകി മോചിപ്പിച്ചെടുക്കണമെന്നാണ് സർക്കാർ തീരുമാനം. കേന്ദ്ര റവന്യൂ, ആഭ്യന്തര, സാമൂഹിക നീതി മന്ത്രാലയങ്ങളുടെ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. 
    1985ലെ ലഹരി തടയൽ നിയമം അല്ലാതെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ഇന്ത്യയിൽ കൃത്യമായ നിയമം ഇല്ല. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ പിടിയിലായതിനു പിന്നാലെയാണ് ഇപ്പോൾ മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനുള്ള നീക്കം സർക്കാർ ഊർജിതമാക്കിയത്. ഇതിനുള്ള നീക്കങ്ങൾ നേരത്തേ തന്നെ ആരംഭിക്കുകയും റവന്യൂ വകുപ്പ് ഇതിനുള്ള കാബിനറ്റ് കുറിപ്പ് തയാറാക്കുകയും ചെയ്തിരുന്നു. ക്രിമിനൽ നടപടികളിൽ നിന്നൊഴിവാക്കി നിയമ വ്യവസ്ഥകൾ ലഹരി വിമോചന, പുനരധിവാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഭേദഗതി ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ, നിയമഭേഗതിയിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് വിവിധ മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കാബിനറ്റ് കുറിപ്പ് പിൻവലിച്ചു. പിന്നീട് ചേർന്ന ഉന്നതതല യോഗങ്ങളിലാണ് മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനും മയക്കുമരുന്ന് കടത്തിന് കടുത്ത ശിക്ഷ നൽകാനുമുള്ള നിയമഭേദഗതിക്ക് തീരുമാനം എടുത്തത്.
 

Latest News