പരമശിവന്‍ പ്രപഞ്ചത്തെ മുഴുവന്‍ വിഴുങ്ങി; രാഹുലിന്റെ പ്രസംഗത്തിലെ അബദ്ധം ഏറ്റുപിടിച്ച് ബി.ജെ.പി

ന്യൂദല്‍ഹി- പരമശിവന്‍ പ്രപഞ്ചത്തെ മുഴുവന്‍ വിഴുങ്ങിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ അബദ്ധത്തെ വിഷയമാക്കി ബി.ജെ.പി.
ശിവഭക്തന്‍ രാഹുല്‍ ഗാന്ധിയുടെ അറിവിന്റെ പാരമ്യം കാണുകയെന്ന തലക്കെട്ട് നല്‍കിയാണ് ബി.ജെ.പി നേതാവ് അമിത് മാളവ്യ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കാമ്പയിന്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ ശിവന്‍ ഹാലാഹല അല്ലെങ്കില്‍ കാളകൂട വിഷം കുടിച്ച് പ്രപഞ്ചത്തെ രക്ഷിക്കുകയാണ് ചെയ്തതെന്ന് അമിത് മാളവ്യ പറഞ്ഞു. വിഷം കഴിച്ചതിനാല്‍ തൊണ്ട നീലയായതിനാലാണ് നീലകണ്ഠന്‍ ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമതവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്താണ് ? അവ ഒന്നുതന്നെയാകുമോ? അവ ഒന്നാണെങ്കില്‍, എന്തുകൊണ്ടാണ് ഒരേ പേരില്‍ പറയാത്തത്.  വ്യക്തമായും ഇവ രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. സിഖുകാരനെയോ മുസ്ലിമിനെയോ മര്‍ദിക്കല്ല ഹിന്ദു മതം. എന്നാല്‍ ഹിന്ദുത്വം തീര്‍ച്ചയായും അതാണ്- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സജീവവും ഊര്‍ജ്ജസ്വലവുമാണ്, എന്നാല്‍ പാര്‍ട്ടി ആ പ്രത്യയശാസ്ത്രം ആളുകള്‍ക്കിടയില്‍ ആക്രമണാത്മകമായി പ്രചരിപ്പിക്കാത്തതിനാല്‍ അതില്‍ നിഴല്‍ വീണിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്‌നേഹവും വാത്സല്യവും ദേശീയതയുമുള്ള പ്രത്യയശാസ്ത്രത്തിനു മേല്‍ നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും ബി.ജെ.പിയുടേയും  വെറുപ്പുളവാക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ നിഴല്‍ വീണിരിക്കയാണ്- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ പാവങ്ങള്‍ക്കെതിരായ  നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായാണ്  ഈ മാസം 14 മുതല്‍ 29 വരെ ജന്‍ ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്.

 

Latest News