ജിസാന്‍ - മയക്കുമരുന്ന് പ്രദര്‍ശിപ്പിച്ച് മേനിനടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ മൂന്നു പേരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ജിസാന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരായ രണ്ടു യെമനി യുവാക്കളും സൗദി യുവാവുമാണ് അറസ്റ്റിലായത്. ജിസാനിലെ റോഡിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ മയക്കുമരുന്ന് പ്രദര്‍ശിപ്പിച്ച് മേനിനടിക്കുന്ന വീഡിയോ യെമനികളാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തി യെമനികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും സഞ്ചരിച്ചത് സൗദി യുവാവിന്റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു. ഈ കാര്‍ ഉപയോഗിക്കാനും നിയമ ലംഘനം നടത്താനും നുഴഞ്ഞുകയറ്റക്കാരെ അനുവദിച്ചതിനാണ് സൗദി യുവാവിനെ അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.