Sorry, you need to enable JavaScript to visit this website.

കങ്കണക്ക് സമ്മാനിച്ച പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- 1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷ എന്ന് വിശേഷിപ്പിച്ച നടി കങ്കണ റണാവത്തിനെ കടന്നാക്രമിച്ച്  കോണ്‍ഗ്രസ് നേതാക്കള്‍. കങ്കണക്ക് അടുത്തിടെ നല്‍കിയ പത്മശ്രീ പുരസ്‌കാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം യഥാര്‍ഥ സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നുമാണ് കഴിഞ്ഞ ദിവസം നടി കങ്കണ പ്രസ്താവിച്ചത്. 2014ലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

പത്മ പുരസ്‌കാരത്തിന് അര്‍ഹതയില്ലാത്ത ആളുകള്‍ക്ക് ഈ ബഹുമതികള്‍ നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്നാണ് അവരുടെ പ്രസ്താവന കാണിക്കുന്നതെന്ന് കങ്കണയുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
തന്റെ പ്രസ്താവനയുടെ പേരില്‍ എല്ലാ ഇന്ത്യക്കാരോടും കങ്കണ റണാവത്ത് പരസ്യമായി മാപ്പ് പറയണമെന്നും നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനവും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവുമാണ് അപമാനിക്കപ്പെട്ടിരിക്കുന്നതെന്നും വല്ലഭ് പറഞ്ഞു.

മഹാത്മാഗാന്ധി, സര്‍ദാര്‍ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരെ അപമാനിക്കുന്ന ഒരു സ്ത്രീയില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് അഭിമാനകരമായ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിനു തയാറാകുന്നില്ലെങ്കില്‍  അതിനര്‍ത്ഥം സര്‍ക്കാര്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബുല്‍ കലാം ആസാദ്, ഭഗത് സിംഗ്, ചന്ദ്ര തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരുടെ ത്യാഗത്തെ  അപമാനിക്കുന്നതുമാണ് കങ്കണയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ബി.ജെ.പിക്കാര്‍ വ്യാജ കപട ദേശീയവാദികളാണെന്നും അവര്‍ പറഞ്ഞു.

പത്മശ്രീ പുരസ്‌കാരം പിന്‍വലിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. റണാവത്തിന് നല്‍കിയ പത്മ അവാര്‍ഡ് ഉടന്‍ പിന്‍വലിക്കണം. ഭാവിയില്‍ ഇത്തരക്കാര്‍ രാജ്യത്തേയും അതിലെ നായകന്മാരേയും അനാദരിക്കാതിരിക്കാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് മുമ്പ് മനഃശാസ്ത്രപരമായ വിലയിരുത്തല്‍ കൂടി നടത്തണമെന്ന്  രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.

 

Latest News