ഇടുക്കി- മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കാൻ അനുമതി നൽകുന്ന കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചതിന് തെളിവ്. ഒക്ടോബർ 27ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും നിർമാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്തംബർ 17ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരംമുറിക്കുന്നതിന് കൃത്യമായ മാതൃകയിൽ അപേക്ഷ നൽകാൻ തമിഴ്‌നാടിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെയും അത്തരത്തിൽ അപേക്ഷ നൽകിയില്ലെന്നും കേരളം വ്യക്തമാക്കി.
മരംമുറിക്ക് അനുമതി നൽകിയില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിക്കുമ്പോഴാണ് സംസ്ഥാന സർക്കാറിന്റെ സ്റ്റാന്റിംഗ് കോൺസൽ സുപ്രീം കോടതിയിൽ നൽകിയ രേഖ പുറത്തുവന്നത്.






