Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാടക കരാർ രജിസ്‌ട്രേഷൻ ഫീസ് 250 റിയാൽ

റിയാദ് - ഈജാർ നെറ്റ്‌വർക്ക് വഴി താമസ ആവശ്യത്തിനുള്ള ഫഌറ്റുകളുടെയും വില്ലകളുടെയും വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിന് 250 റിയാൽ ഫീസ് നൽകേണ്ടിവരുമെന്ന് നാഷണൽ ഹൗസിംഗ് കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽബതി അറിയിച്ചു. 
വാണിജ്യാവശ്യത്തിനുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും വാടക കരാറിന് 400 റിയാലാണ് ഫീസ് നൽകേണ്ടത്. വാടക കരാർ രജിസ്‌ട്രേഷൻ ഫീസ് കെട്ടിട ഉടമയാണ് വഹിക്കേണ്ടത്. ഫീസ് ഇനത്തിൽ ലഭിക്കുന്ന വരുമാനം വാടക അടയ്ക്കുന്നതിന് സാധിക്കാത്ത പാവങ്ങൾക്ക് സഹായം നൽകുന്നതിന് വിനിയോഗിക്കും. 
വാടക അടയ്ക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറിയ ശേഷമാണ് പ്രത്യേക കമ്മിറ്റി ഇത്തരക്കാരുടെ സാമ്പത്തിക സ്ഥിതി പഠിക്കുക. സഹായത്തിന് അർഹരാണോ അല്ലയോ എന്ന കാര്യം കമ്മിറ്റി പഠിക്കും. ഈ ലക്ഷ്യത്തോടെ എല്ലാ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വാടക മാസ അടിസ്ഥാനത്തിൽ അടയ്ക്കുന്നതിന് ഈജാർ നെറ്റ്‌വർക്കിൽ സൗകര്യമുണ്ട്. ഇത് തങ്ങളുടെ ബജറ്റ് നിയന്ത്രിക്കുന്നതിന് വാടകക്കാരെ സഹായിക്കും. 
ഈജാർ നെറ്റ്‌വർക്കിൽ വിവരങ്ങൾ പ്രവേശിപ്പിച്ചാൽ താമസ, വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ തരംതിരിച്ച് പ്രദർശിപ്പിക്കും. വാടക നിരക്കുകളും വാടകക്കുള്ള യൂനിറ്റുകളുടെ അവസ്ഥയും അറിയുന്നതിന് വാടക്കാരെയും കെട്ടിട ഉടമകളെയും സഹായിക്കുന്ന കൃത്യവും വിശദവുമായ വിവരങ്ങൾ അടങ്ങിയ ഡാറ്റാ ബേസ് കാലക്രമേണ ഈജാർ നെറ്റ്‌വർക്കിലുണ്ടാകും. വാടക മേഖലയിൽ നിക്ഷേപം നടത്തുന്നതിൽ അനുയോജ്യമായ തീരുമാനമെടുക്കുന്നതിന് ഇത് നിക്ഷേപകരെ സഹായിക്കും. പാർപ്പിട, വാണിജ്യ വാടക കരാറുകൾ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യാത്ത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇന്നലെ മുതൽ പുതിയ താമസ വാടക കരാറുകൾ ഏകീകൃത കരാറായിരിക്കൽ നിർബന്ധമാണ്. പഴയ വാടക കരാറുകൾക്ക് തുടർന്നും സാധുതയുണ്ടാകും. ഇവ റദ്ദാക്കപ്പെടില്ലെന്ന് നാഷണൽ ഹൗസിംഗ് കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽബതി പറഞ്ഞു.
കോടതികളിൽ എത്തുന്ന കേസുകളിൽ 30 ശതമാനവും വാടക മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്ന് നീതിന്യായ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് അൽഖുദൈരി പറഞ്ഞു. ഏകീകൃത വാടക കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ എൻഫോഴ്‌സ്‌മെന്റ് കോടതികളുടെ ചുമതലയാകും. ജനറൽ കോടതികളിലെ കേസ് ഭാരം കുറയ്ക്കുന്നതിനും കേസ് വിചാരണകൾ വേഗത്തിലാക്കുന്നതിനും ഈ പരിഷ്‌കാരം സഹായിക്കുമെന്ന് ശൈഖ് ഹമദ് അൽഖുദൈരി പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദികൾ താമസിക്കുന്ന 38 ശതമാനം പാർപ്പിടങ്ങളും വാടക പാർപ്പിടങ്ങളാണെന്ന് പാർപ്പിടകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അലി ആലുജാബിർ പറഞ്ഞു. സൗദികളും വിദേശികളും അടക്കമുള്ളവർ താമസിക്കുന്നതിൽ 50 ശതമാനവും വാടക കെട്ടിടങ്ങളാണ്. സൗദിയിൽ വാടകക്ക് നൽകുന്ന 25 ലക്ഷം പാർപ്പിടങ്ങളുണ്ട്. അമ്പരപ്പിക്കുന്ന വിവരങ്ങൾ ഈജാർ നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News