കൊച്ചി-കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് സ്വദേശി യൂസഫ് സിയ (ജിയ)ആണ് അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്കുകടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റിലായത്.
അധോലോക കുറ്റവാളി രവി പൂജാരിയ്ക്കും വെടിവെപ്പ് നടത്തിയ കൊച്ചി സംഘത്തിനുമിടയില്‍ പ്രധാന കണ്ണിയായിരുന്നു ജിയ. രവി പൂജാരിക്ക് ക്വട്ടേഷന്‍ നല്‍കിയത് സിയയാണ്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി പോലീസിന് മൊഴി നല്‍കിയിരുന്നു.സംഭവത്തിന് ശേഷം ഇയാള്‍ വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കുകയായിരുന്നു. തിരികെ നാട്ടിലെത്തിയ ഇയാള്‍ മടങ്ങുമ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. ഇയാളുടെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസ് വിമാനത്താവളങ്ങളിലേക്ക് അന്വേഷണ സംഘം നല്‍കിയിരുന്നു.
ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തിന്റെ തലവനാണ് ഗുണ്ടാനേതാവ് ജിയയെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. രവി പൂജാരിയുമായി ഇയാള്‍ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാന്‍ രണ്ടു യുവാക്കളെ ഏര്‍പ്പാടാക്കുകയും ഇവര്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയതും ജിയയാണ്. കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അജാസിന്റെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ കേസില്‍ പങ്കാളിയാകുന്നത്. നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കേസിലെ മുഖ്യപ്രതിയായ രവി പൂജാരി ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റിലായിരുന്നു. 2018 ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടന്നത്.






